മാനേജ്‌മെന്റ് ധൈര്യം കാണിക്കാതിരുന്നപ്പോള്‍ ധൈര്യം എന്തെന്ന് രണ്ട് കളികള്‍ കൊണ്ട് കാണിച്ച് കൊടുത്ത് അഗര്‍വാള്‍

സൗത്ത് ആഫ്രിക്കയിലെ പരമ്പര തോല്‍വി ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇംഗ്ലണ്ടിലും അത് തന്നെ നമ്മള്‍ ആവര്‍ത്തിച്ചു
മാനേജ്‌മെന്റ് ധൈര്യം കാണിക്കാതിരുന്നപ്പോള്‍ ധൈര്യം എന്തെന്ന് രണ്ട് കളികള്‍ കൊണ്ട് കാണിച്ച് കൊടുത്ത് അഗര്‍വാള്‍

ഇംഗ്ലണ്ട് പരമ്പരയില്‍ മായങ്ക് അഗര്‍വാളിനെ പരീക്ഷിക്കുവാനുള്ള ധൈര്യം ഇന്ത്യന്‍ ടീം കാട്ടിയിരുന്നെങ്കില്‍...ഓസീസ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കായി ടീമിലേക്കെത്തി മികച്ച കളി പുറത്തെടുത്തത് മുതല്‍ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഉന്നയിക്കുന്ന ചോദ്യമിതാണ്...ഇംഗ്ലണ്ട് പരമ്പരയില്‍ മായങ്ക് ടീമിലുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ അത് ചെലുത്തുമായിരുന്ന സ്വാധാനം ചെറുതല്ല.

ഓസ്‌ട്രേലിയയില്‍ പരമ്പര ജയം മുന്നില്‍ നില്‍ക്കെ, സൗത്ത് ആഫ്രിക്കയിലും, ഇംഗ്ലണ്ടിലും ആവര്‍ത്തിച്ച സെലക്ടര്‍മാരുടെ പിഴവാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സൗത്ത് ആഫ്രിക്കയിലെ പരമ്പര തോല്‍വി ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇംഗ്ലണ്ടിലും അത് തന്നെ നമ്മള്‍ ആവര്‍ത്തിച്ചു. സൗത്ത് ആഫ്രിക്കയില്‍ കോഹ് ലി ഒഴികെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം പൂര്‍ണ പരാജയമായത് മാത്രമല്ല, ബാറ്റിങ്ങിലെ സാങ്കേതിക തികവില്ലായ്മയും അവിടെ തുറന്നുകാണിക്കപ്പെട്ടു. 

ടെസ്റ്റില്‍ നിലയുറപ്പിക്കുവാനുള്ള ബാറ്റിങ്ങിലെ സാങ്കേതിക മികവിന്റെ പോരായ്മ ശിഖര്‍ ധവാനില്‍ നിന്നും കെ.എല്‍.രാഹുലില്‍ നിന്നും പ്രകടമായെങ്കിലും ഇവരെ ടീമില്‍ നിന്നും പെട്ടെന്ന് ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ തോല്‍വിയില്‍ പ്രധാന ഘടകമായിരുന്നു ഇരുവരും. 

ഇംഗ്ലണ്ട് പര്യടനത്തിന്റെ മധ്യത്തോടെ മായങ്ക് അഗര്‍വാളിനെ ഇംഗ്ലണ്ടിലേക്ക് എത്തിക്കാനുള്ള ആലോചനകള്‍ നടന്നുവെങ്കിലും, വിദേശ പര്യടനത്തിന്റെ മധ്യത്തോടെ യുവതാരത്തെ കളിപ്പിക്കുവാനുള്ള ധൈര്യം കാണിക്കാന്‍ ഇന്ത്യ തയ്യാറായില്ല. അതോടെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പരാജയമാവുകയും, അതിന്റെ സമ്മര്‍ദ്ദക്കൂടുതല്‍ അതിജീവിക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് കഴിയാതെ വരികയും ചെയ്തു. 

ഓസ്‌ട്രേലിയയിലും സമാനമായത് ആവര്‍ത്തുക്കുമെന്ന അവസ്ഥയില്‍ നില്‍ക്കെ മായങ്കിനെ ഓസ്‌ട്രേലിയയിലേക്ക് വിളിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായി. മികച്ച കളി പുറത്തെടുത്ത് തന്നെ ടീമിലെടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് അഗര്‍വാള്‍ തെളിയിച്ചു. ഇംഗ്ലണ്ടില്‍ ഓപ്പണിങ്ങില്‍ അഗര്‍വാള്‍ മികച്ച കളി പുറത്തെടുക്കുകയും, മധ്യനിരയ്ക്ക് മികച്ച അടിത്തറ ലഭിക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇംഗ്ലണ്ടിലെ ഫലം മറ്റൊന്നാകുമായിരുന്നു. 

നിലവില്‍ ഷോട്ട് ബോളുകള്‍ കളിക്കുന്നതിലാണ് അഗര്‍വാളിന് ആശങ്ക. 22 റണ്‍സില്‍ എത്തി നില്‍ക്കെ സ്റ്റാര്‍ക്കിന്റെ ഡെലിവറി കൈമുട്ടില്‍ കൊണ്ടായിരുന്നു പോയത്. സ്റ്റാര്‍ക്ക് പിന്നെ വന്ന ഓവറിലും ഇന്ത്യന്‍ ഓപ്പണറെ ഇങ്ങനെ പരീക്ഷിച്ചുവെങ്കിലും മനക്കരുത്ത് കൊണ്ട് തിരിച്ചടിക്കുകയായിരുന്നു മായങ്ക്. നമ്മുടെ ദൗര്‍ബല്യം നിലനില്‍ക്കുന്ന ഇടങ്ങളില്‍ കരുത്ത് കാണിക്കുക എന്നതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്വം. ഷോര്‍ട്ട് ബോളുകളെ മായങ്ക് നേരിടുന്നത് കാണുന്നത് കൗതുകകരമാണെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ ദസ്ഗുപ്തയും ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com