ഖത്തര്‍ ഓപ്പണില്‍ അട്ടിമറിക്കപ്പെട്ടതിലെ കലിപ്പ്; മെല്‍ബണില്‍ കിരീടം നേടാന്‍ യോഗ്യനല്ലേ? റിപ്പോര്‍ട്ടറോട് തര്‍ക്കിച്ച് ജോക്കോവിച്ച്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2019 10:28 AM  |  

Last Updated: 05th January 2019 11:24 AM  |   A+A-   |  

novoc

ഖത്തര്‍ ഓപ്പണ്‍ സെമി ഫൈനലില്‍ അപ്രതീക്ഷിത പ്രഹരമേറ്റതിന് പിന്നാലെ, മെല്‍ബണ്‍ മാത്രമാണ് തന്റെ മുന്നില്‍ ഇപ്പോഴുള്ള ലക്ഷ്യമെന്ന ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ലോക 24ാം നമ്പര്‍ താരം റോബര്‍ട്ടോ അഗട്ടിനോടായിരുന്നു മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവില്‍ ജോക്കോവിച്ച് തോല്‍വി വഴങ്ങിയത്. 

ഇതോടെ സീസണിന്റെ തുടക്കം തന്നെ ജോക്കോവിച്ചിന് തോല്‍വിയോടെയായി. എന്താണ് സംഭവിച്ചത്? ഞാന്‍ തോറ്റു എന്നായിരുന്നു രണ്ടര മണിക്കൂര്‍ നീണ്ട കളിക്കൊടുവില്‍ ജോക്കോവിച്ചിന്റെ വാക്കുകള്‍. ഇത് രണ്ടാം വട്ടമാണ് ജോക്കോവിച്ചിനെ അഗട്ട തോല്‍പ്പിക്കുന്നത്. രണ്ടും സെമി ഫൈനലിലായിരുന്നു. 

തോല്‍വി എന്നെ തൃപ്തിപ്പെടുത്തുന്നില്ല. എന്നാല്‍ മികച്ചൊരു താരത്തിനോടാണ് ഞാന്‍ തോറ്റിരിക്കുന്നത്. ഈ ഒരാഴ്ചയ്ക്ക് ശേഷം എന്നായിരുന്നു ജോക്കോവിച്ചിനോട് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. ഈ ഒരാഴ്ചയ്ക്ക് ശേഷം ഒരു ട്രോഫിക്ക് വേണ്ടി പോരാടുവാനുള്ള യോഗ്യത എനിക്കില്ലെന്ന് തോന്നുന്നുണ്ടോയെന്നും പ്രസ് കോണ്‍ഫറന്‍സിനിടെ റിപ്പോര്‍ട്ടറോട് കലിപ്പിച്ച് ജോക്കോവിച്ച് ചോദിച്ചു. ഈ ആഴ്ചയ്ക്ക് ശേഷം എന്ന് നിങ്ങള്‍ ഉദ്ദേശിച്ചത് എന്താണ്? എന്റെ ലക്ഷ്യം എന്താണെന്നാണോ? കിരീടം തന്നെയെന്ന് ജോക്കോവിച്ച് പറയുന്നു. 

2016ലാണ് ജോക്കോവിച്ച് അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടുന്നത്. ബ്രിട്ടന്റെ ആന്‍ഡി മുറയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു അത്. തൊട്ടടുത്ത വര്‍ഷം രണ്ടാം റൗണ്ടില്‍ ഉസ്‌ബെകിസ്താന്റെ ഡെനിസ് ഇസ്‌തോമിന്‍ ജോക്കോവിച്ചിനെ അട്ടിമറിച്ചു. ഒരു ദശകത്തിന് ഇടയില്‍ ആദ്യമായിട്ടായിരുന്നു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നിന്നും ജോക്കോവിച്ച് ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്താവുന്നത്. 

എന്നാല്‍ മെല്‍ബണില്‍ ആറ് വട്ടം കിരീടം ചൂടിയതിന്റെ കരുത്തുമായിട്ടാണ് ജോക്കോവിച്ച് വരുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആറ് വട്ടം ഉയര്‍ത്തി റോജര്‍ ഫെഡറര്‍, റോയ് എമേഴ്‌സന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുകയാണ് ജോക്കോവിച്ച്. കഴിഞ്ഞ വര്‍ഷം പരിക്കില്‍ നിന്നും ഭേദമായി തിരിച്ചുവന്നെങ്കിലും നാലാം റൗണ്ടില്‍ കൊറിയയുടെ ചങ് ഹയോനോട് തോറ്റ് പുറത്തായി.