മാര്‍നസിന്റെ വിക്കറ്റിനായി കോഹ് ലിയും രഹാനേയും ഷമിയും തയ്യാറാക്കിയ തന്ത്രം; കോഹ് ലിയുടെ നായകത്വത്തെ പുകഴ്ത്തി ക്രിക്കറ്റ് വിദഗ്ധര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2019 10:55 AM  |  

Last Updated: 05th January 2019 10:55 AM  |   A+A-   |  

labuschagne05012019

സിഡ്‌നിയില്‍ സമനില പിടിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് പടിച്ച പണി പതിനെട്ടും നോക്കേണ്ടി വരും. എല്ലാ അര്‍ഥത്തിലും സന്ദര്‍ഷകര്‍ പിടിമുറുക്കി നില്‍ക്കുമ്പോള്‍ പരമ്പര ജയം ഇന്ത്യയ്ക്ക് തൊട്ടടുത്തുണ്ട്. അതിനിടെ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്ക്ക് ഒരു പഴുതും അനുവദിക്കാതെ വിക്കറ്റുകള്‍ പിഴിയാന്‍ കോഹ് ലി കൊണ്ടുവന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് വിദഗ്ധരുടെ കയ്യടി നേടുന്നത്. 

മാര്‍നസ് ലബുഷാഗ്നെയുടെ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ നായകന്‍ പ്രയോഗിച്ച ബുദ്ധിയാണ് സംഭവം. മിച്ചല്‍ മാര്‍ഷിന് പകരക്കാരനായി പ്ലേയിങ് ഇലവനിലേക്കെത്തിയ ലബുഷാഗ്നെ 38 റണ്‍സ് എടുത്ത് നില്‍ക്കെ മുഹമ്മദ് ഷമിയുടെ മുന്നില്‍ കുടുങ്ങി പവലിയനിലേക്ക് മടങ്ങി. എന്നാല്‍ ഡെലിവറിയില്‍ റിവേഴ്‌സ് ലഭിക്കുന്നത് മനസിലാക്കി ഫീല്‍ഡില്‍ കോഹ് ലി വരുത്തിയ മാറ്റമാണ് ലബുഷാഗ്നെയുടെ വിക്കറ്റ് പിഴുതതിന് പിന്നില്‍. 

ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ മാറ്റം വരുത്തി രഹാനയെ നിര്‍ത്തിയ കോഹ് ലിക്ക് പിഴച്ചില്ല. ലബുഷാഗ്നെ ഫഌക് ചെയ്യാന്‍ ശ്രമിച്ച ഷോട്ട് രഹാനെ മനോഹരമായി  കൈകളിലാക്കി. 48ാം ഓവറിന്റെ അവസാന ബോളില്‍ മിഡ് വിക്കറ്റ് ഫീല്‍ഡര്‍മാര്‍ക്കിടയില്‍ ഗ്യാപ് കണ്ടെത്താന്‍ ലബസ്‌ചേഞ്ചിനായി. എന്നാല്‍ രഹാനെയെ കൊണ്ടുവന്ന് കോഹ് ലി നടത്തിയ അഡ്ജസ്റ്റമെന്റ് കൃത്യമായി വായിച്ചെടുക്കാന്‍ ഓസീസ് താരത്തിനായില്ല. 

ഈ വിക്കറ്റ് വീണതിന് പിന്നാലെ, കമന്ററി പാനലിലുണ്ടായിരുന്ന ക്ലാര്‍ക്കും വോണും കോഹ് ലിയുടെ നായകത്വത്തെ പ്രശംസിച്ചെത്തി. ലബുഷാഗ്നെയുടെ വിക്കറ്റ് കൂടി വീണതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലായി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 81 ഓവറില്‍ എത്തി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. 394 റണ്‍സാണ് മൂന്നാം ദിനം മൂന്നാം സെഷനിലേക്ക് കളി പിന്നിടുമ്പോള്‍ ആതിഥേയര്‍ക്ക് പ്രതിരോധിക്കേണ്ടതായുള്ളത്.