128-7 എന്ന സ്‌കോറില്‍ നില്‍ക്കെ ക്രീസിലെത്തി, പിന്നെ പറത്തിയത് 13 സിക്‌സ്; കീവികളെ പേടിപ്പിച്ച് വിറപ്പിച്ച് പെരേര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2019 03:08 PM  |  

Last Updated: 05th January 2019 03:10 PM  |   A+A-   |  

05_perera

റോസ് ടെയ്‌ലറും മണ്‍റോയും പാകിയ അടിത്തറയില്‍ നിന്ന് ജെയിംസ് നീഷാം അടിച്ചു കളിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ 319ലെത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് വിജയ ലക്ഷ്യം മറികടക്കുവാനായില്ല. പക്ഷേ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന തിരിച്ചുവരവ് നടത്തി ജയം പിടിക്കുന്നതിന്റെ അരികിലെത്തിയാണ് ലങ്ക വീണത്.

ബേ ഓവല്‍ സ്റ്റേഡിയത്തില്‍ പറയാനുള്ളതെല്ലാം പെരേരയെ കുറിച്ച് മാത്രമാണ്. 
സമ്മര്‍ദ്ദത്തില്‍ നിന്ന് എങ്ങിനെ പൊരുതി കളിക്കാമെന്നതിന്റെ ക്ലാസ് ഇന്നിങ്‌സും തീര്‍ത്താണ് പെരേര ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. മൂന്നുറിന് മുകളില്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ മുന്‍ നിരയില്‍ ഗുണതിലക ഒഴികെ മറ്റാരും പൊരുതാന്‍ പോലും തയ്യാറായില്ല. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സ്‌കോര്‍ ബോര്‍ഡ് 128 എന്ന നിലയില്‍ നില്‍ക്കെയാണ് പെരേര ക്രീസിലേക്കെത്തുന്നത്. പിന്നെയങ്ങോട്ട് വെടിക്കെട്ടായിരുന്നു. ക്രീസ് വിടുമ്പോള്‍ പെരേരയുടെ സമ്പാദ്യം 74 ബോളില്‍ നിന്നും 140 റണ്‍സ്. 

ഏഴാമനായി ഇറങ്ങി പെരേര 189.19 എന്ന സ്‌ട്രൈക്ക് റേറ്റില്‍ പറത്തിയത് 13 സിക്‌സായിരുന്നു. എട്ട് ഫോറും. പെരേരയുടെ തകര്‍പ്പന്‍ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ മറ്റ് ലങ്കന്‍ താരങ്ങള്‍ക്കാര്‍ക്കുമായില്ല. ഒടുവില്‍ 46ാം ഓവറില്‍ 298 റണ്‍സിന് ലങ്ക തോല്‍വി സമ്മതിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-0ന് ന്യൂസിലാന്‍ഡ് സ്വന്തമാക്കുകയും ചെയ്തു. 

കളി ജയിച്ചത് ന്യൂസിലാന്‍ഡ് ആണെങ്കിലും ഹൃദയം കവര്‍ന്നായിരുന്നു പെരേരയുടെ കളി. തന്റെ ആദ്യ ഏകദിന സെഞ്ചുറിയും ഇതിനിടയില്‍ 57 ബോളില്‍ നിന്നും പെരേര പൂര്‍ത്തിയാക്കി.വാലറ്റത്ത് മലിംഗയെ കൂട്ടുപിടിച്ച് 75 റണ്‍സ് പാര്‍ട്ണര്‍ഷിപ്പും, സന്ദകനുമായി 51 റണ്‍സ് കൂട്ടുകെട്ടും, നുവാന്‍ പ്രദീപുമായി 44 റണ്‍സും കൂട്ടിച്ചേര്‍ത്തായിരുന്നു പെരേരയുടെ കളി. ഒന്‍പതാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ വിജയലക്ഷ്യത്തില്‍ നിന്നും 66 റണ്‍സ് അകലെയായിരുന്നു ലങ്ക. എന്നാല്‍ ടിം സൗത്തിയെ നാല് വട്ടം ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി കീവീസിനെ പെരേര വിറപ്പിച്ചു. ഒടുവില്‍ നിഷാമിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ടീമിനെ ജയത്തിലേക്കെത്തിക്കാനാവാതെ പെരേരയ്ക്ക് മടങ്ങേണ്ടി വന്നു.