'ഞങ്ങള്‍ക്ക് പന്തുണ്ട് ഋഷഭ് പന്ത്... അവൻ കൊച്ചുങ്ങളെ നോക്കും സിക്സുമടിക്കും'- ​ഗാലറിയിലെ പന്ത് പാട്ട് സൂപ്പർ ഹിറ്റ്

പന്തിന്റെ പ്രകടനത്തിന് പിന്തുണയുമായി ​ഗാലറി ഒപ്പം കൂടിയതാണ് ഇപ്പോൾ ശ്രദ്ധേയമായത്
'ഞങ്ങള്‍ക്ക് പന്തുണ്ട് ഋഷഭ് പന്ത്... അവൻ കൊച്ചുങ്ങളെ നോക്കും സിക്സുമടിക്കും'- ​ഗാലറിയിലെ പന്ത് പാട്ട് സൂപ്പർ ഹിറ്റ്

സിഡ്‌നി: കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് സിഡ്നിയിൽ നേടിയ ശതകം ഏറെ ശ്രദ്ധേയമായിരുന്നു. ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്വന്തമാക്കുന്ന ആദ്യ സെഞ്ച്വറിയെന്ന പ്രത്യേകതയുണ്ടായിരുന്നു ഇന്നിങ്സിന്. 189 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം 159 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ടെസ്റ്റ് കരിയറിലെ പന്തിന്റെ രണ്ടാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. ഇന്ത്യക്ക് പുറത്ത് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന ധോനിയുടെ റെക്കോർഡും പന്ത് മറികടന്നു. 2006-ല്‍ ഫൈസലാബാദില്‍ പാക്കിസ്ഥാനെതിരെ ധോണി നേടിയ 148 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

കട്ടയ്ക്ക് നിന്ന സ്ലഡ്ജിങിലൂടെ താരമായതിന് പിന്നാലെയായിരുന്നു പന്തിന്റെ സെഞ്ച്വറി പ്രകടനം. പന്തിന്റെ പ്രകടനത്തിന് പിന്തുണയുമായി ​ഗാലറി ഒപ്പം കൂടിയതാണ് ഇപ്പോൾ ശ്രദ്ധേയമായത്. ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ പന്തിന് പാട്ടിലൂടെയാണ് പിന്തുണ നല്‍കിയത്. ഇന്ത്യന്‍ ആരാധകരുടെ പന്ത് പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആര്‍മിയാണ് പന്തിന്റെ പേരില്‍ പാട്ട് പാടിയത്.

ഞങ്ങള്‍ക്ക് പന്തുണ്ട്, ഋഷഭ് പന്ത്- എന്നു തുടങ്ങുന്ന പാട്ടില്‍ പന്ത് സിക്‌സറടിക്കുന്നതിനെ കുറിച്ചും കുട്ടികളെ നോക്കുന്നതിനെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. നേരത്തെ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ പന്തിനോട് തന്റെ കുട്ടികളെ നോക്കാമോ എന്നു ചോദിച്ചത് ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ക്ഷണിച്ച വിരുന്നിനിടെ പെയ്‌നിന്റെ കുട്ടികളുമൊത്തുള്ള പന്തിന്റെ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറിയെന്ന റെക്കോഡും ഈ മത്സരത്തില്‍ പന്ത് സ്വന്തമാക്കിയിരുന്നു. 1967-ല്‍ ഫാറൂഖ് എന്‍ജിനീയര്‍ നേടിയ 89 റണ്‍സായിരുന്നു ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. 2012-ല്‍ ധോനി സിഡ്നിയില്‍ നേടിയ 57 റണ്‍സും പന്തിനു മുന്നില്‍ വഴിമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com