''ഓരോ വര്‍ഷം 1000 റണ്‍സ് വീതം, അടുത്ത അഞ്ച് വര്‍ഷവും ഇത് തുടരും, ദൗത്യമേറ്റെടുത്ത് സ്മിത്തിന്റെ വരവ്‌''

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2019 10:57 AM  |  

Last Updated: 06th January 2019 10:57 AM  |   A+A-   |  

smith

രണ്ട് മാസത്തിനുള്ളില്‍ പന്ത് ചുരണ്ടലിനെ തുടര്‍ന്ന് നേരിട്ട വിലക്ക് കഴിഞ്ഞ് സ്റ്റീവ് സ്മിത്ത് കളിക്കളത്തിലേക്കെത്തും. ഒരു വര്‍ഷത്തെ വിലക്കിന് ശേഷമെത്തുമ്പോള്‍ സ്മിത്തിന്റെ ഫോം എങ്ങിനെയായിരിക്കും എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ക്രിക്കറ്റ് ന്യു സൗത്ത് വേല്‍സിന്റെ സിഇഒ ആന്‍ഡ്ര്യൂ ജോന്‍സിന്റെ വാക്കുകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. 

എവിടെ നിര്‍ത്തിയോ, സ്മിത്ത് അവിടെ നിന്നും തുടങ്ങും. അടുത്ത അഞ്ച് വര്‍ഷം തുടര്‍ച്ചയായി 1000 റണ്‍സ് സ്‌കോര്‍ ചെയ്താവും സ്മിത്തിന്റെ പോക്ക്. ഫോമിലായിരിക്കും വാര്‍ണറും തിരിച്ചെത്തുക എന്നാണ് എന്റെ പ്രതീക്ഷ. എന്നാല്‍ വാര്‍ണറെ കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാനാവില്ല. പക്ഷേ സ്മിത്തിന്റെ കാര്യത്തില്‍ ഉറപ്പാണ് ഇതെന്നും ന്യു സൗത്ത് വേല്‍സ് സിഇഒ പറയുന്നു. 

പകരംവീട്ടല്‍ മനസില്‍ വെച്ചായിരിക്കും സ്മിത്ത് തിരിച്ചെത്തുക. തിരിച്ചുവരുമ്പോള്‍ സ്മിത്തിന് തെൡയിക്കേണ്ട ചിലതുണ്ട്. ബൗളര്‍മാര്‍ക്കെതിരെ തിരിച്ചടിക്കല്‍ ദൗത്യവുമായിട്ടായിരിക്കും സ്മിത്തിന്റെ വരവെന്നും അദ്ദേഹം പറയുന്നു. ഒരു വര്‍ഷം വിലക്ക് നേരിട്ടിട്ടും ടെസ്റ്റ് റാങ്കിങ്ങില്‍ സ്മിത്ത് രണ്ടാം സ്ഥാനം നിലനിര്‍ത്തിയി്രുന്നു. വിലക്കിന് മുന്‍പ് 64 ടെസ്റ്റുകളാണ് സ്മിത്ത് ഓസീസിന് വേണ്ടി കളിച്ചത്. 239 എന്ന ഉയര്‍ന്ന സ്‌കോറില്‍ നേടിയെടുത്ത റണ്‍സ് സമ്പാദ്യം 6,199 എന്നതും.