മികച്ച ക്യാപ്റ്റന്‍ ധോനി തന്നെയെന്ന് കെ.എല്‍.രാഹുലും ഹര്‍ദിക് പാണ്ഡ്യയും; കാരണമുണ്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2019 10:37 AM  |  

Last Updated: 06th January 2019 10:37 AM  |   A+A-   |  

virat-kohli-and-dhoni-pti668

ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ചതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ മാത്രമല്ല, ടീമിന് മുതല്‍ക്കൂട്ടാവുന്ന താരങ്ങളെ സൃഷ്ടിക്കുവാനും ധോനിക്കായിരുന്നു. പൊസിറ്റീവ് ഫീല്‍ നല്‍കുന്ന ധോനിയുടെ വാക്കുകളെ കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ധോനിയാണ് തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ എന്ന് ഇപ്പോള്‍ തുറന്നു പറഞ്ഞ് എത്തുന്നത് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും, കെ.എല്‍.രാഹുലുമാണ്.

കരണ്‍ ജോഹറും ഒരുമിച്ചുള്ള ചാറ്റ് ഷോയിലായിരുന്നു രണ്ട് പേരും മികച്ച ക്യാപ്റ്റന്‍ ആരാണെന്ന തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്. ധോനിക്ക് കീഴിലാണ് ഞാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അതുകൊണ്ട് ധോനി തന്നെയാണ് എനിക്ക് മികച്ച ക്യാപ്റ്റന്‍ എന്നായിരുന്നു ഹര്‍ദിക്കിന്റെ വാക്കുകള്‍. എന്നാല്‍ നേട്ടങ്ങളുടെ കാര്യത്തില്‍ ധോനി തന്നെയാണ് മികച്ച നായകന്‍ എന്നായിരുന്നു കെ.എല്‍.രാഹുല്‍ പറഞ്ഞത്.

എപ്പോഴും ജോലി ജോലി എന്നത് മാത്രമാണ് കോഹ് ലിയുടെ ചിന്തയെന്നും ചാറ്റ് ഷോയില്‍ രാഹുല്‍ പറഞ്ഞു. ഹോളിഡേ എന്നൊന്ന് കോഹ് ലിക്കില്ല. വിശ്രമിക്കാന്‍ ഞാന്‍ എപ്പോഴും കോഹ് ലിയോട് പറയാറുണ്ട്. ഡ്രസിങ് റൂമിലെ ഏറ്റവും റൊമാന്റിക് വ്യക്തിയാണ് കോഹ് ലിയെന്നും രാഹുല്‍ പറയുന്നു. ഓസീസ് പര്യടനത്തിനായി പുറപ്പെടുന്നതിന് മുന്‍പ് ഇരുവരും നല്‍കിയ അഭിമുഖമായിരുന്നു അത്. ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ രാഹുലും ഹര്‍ദിക്കും ഉള്‍പ്പെട്ടിട്ടുണ്ട്.