അന്ന് കോഹ് ലിയും, ഈ പ്ലേയിങ് ഇലവനിലെ ആരും ജനിച്ചിട്ടില്ല; ഞെട്ടിക്കുന്ന പ്രത്യേകതകളാണ് സിഡ്‌നിയില്‍ കാണുന്നതെല്ലാം

അന്ന് കോഹ് ലിയും, ഈ പ്ലേയിങ് ഇലവനിലെ ആരും ജനിച്ചിട്ടില്ല; ഞെട്ടിക്കുന്ന പ്രത്യേകതകളാണ് സിഡ്‌നിയില്‍ കാണുന്നതെല്ലാം

ടീമിന്റെ നേട്ടത്തിലേക്കെത്തുമ്പോള്‍, ആദ്യമായി ഓസീസ് മണ്ണില്‍ പരമ്പര നേടുന്ന ടീം എന്ന ചരിത്രം തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്. എന്നാല്‍ മറ്റ് ചില പ്രത്യേകതകളുമുണ്ട്

പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം നിലകിട്ടാതെ ഉഴറുകയാണ് ഓസ്‌ട്രേലിയ. പാകിസ്താനും സൗത്ത് ആഫ്രിക്കയ്ക്കുമെതിരായ പരമ്പരയിലുമെല്ലാം അത് വ്യക്തമായിരുന്നു. ഓസീസ് മണ്ണിലേക്ക് ഇന്ത്യ എത്തുമ്പോള്‍, മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് മുന്നിലെത്തുന്നതെന്നതെന്നാണ് പറയപ്പെട്ടത്. നാല് ടെസ്റ്റുകളുടെ പരമ്പര അവസാനിക്കുമ്പോള്‍ ആ സുവര്‍ണാവസരം ഇന്ത്യ മുതലാക്കി. 

ഓസ്‌ട്രേലിയയുടെ ദൗര്‍ബല്യങ്ങളും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ കരുത്തും കൂടിയായപ്പോള്‍ കോഹ് ലി ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിക്കാന്‍ പോവുകയാണ്. ആ ദിവസത്തിന് രാത്രിയൊന്ന് ഇരുട്ടിവെളുക്കുകയേ വേണ്ടു. വ്യക്തിഗത നേട്ടങ്ങള്‍ ഓരോന്നായി പിന്നിട്ടാണ് കോഹ് ലിയും പന്തും പൂജാരയുമെല്ലാം ടെസ്റ്റ് പരമ്പര അവസാനിപ്പിക്കുന്നത്. 

ടീമിന്റെ നേട്ടത്തിലേക്കെത്തുമ്പോള്‍, ആദ്യമായി ഓസീസ് മണ്ണില്‍ പരമ്പര നേടുന്ന ടീം എന്ന ചരിത്രം തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്. എന്നാല്‍ മറ്റ് ചില പ്രത്യേകതകളുമുണ്ട്. സിഡ്‌നിയില്‍ നാലാം ദിനം ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്തായപ്പോള്‍ ആതിഥേയരെ ഫോളോഓണിനയക്കാന്‍ ഇന്ത്യന്‍ നായകന് മറ്റൊന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല. അങ്ങിനെ ഒരു തീരുമാനം മറ്റൊരു ഇന്ത്യന്‍ നായകന്‍ ഓസീസ് മണ്ണില്‍ എടുത്തപ്പോള്‍ കോഹ് ലി അന്ന് ജനിച്ചിട്ട് കൂടിയില്ല. 

33 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഓസ്‌ട്രേലിയയില്‍ ചെന്ന് അവരെ ഇന്ത്യ ഇതിന് മുന്‍പ് ഫോളോഓണിന് അയക്കുന്നത്. 1986ല്‍, കപില്‍ ദേവായിരുന്നു ആ ദൗത്യം നിറവേറ്റഇയത്. അതും സിഡ്‌നിയില്‍ തന്നെ. തീര്‍ന്നില്ല, ജനുവരി ആറിന് തന്നെയായിരുന്നു കപിലിന്റെ ആ തീരുമാനവും. അന്ന് ഇന്ത്യ നാല് വിക്കറ്റിന് 600 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തതിന് ശേഷം ആതിഥേയരെ 396 റണ്‍സിന് ഒന്നാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടാക്കി അവരെ ഫോളോഓണിന് അയച്ചു. 

അന്ന് ടെസ്റ്റിന്റെ അഞ്ചാം ദിനമായിരുന്നു കപില്‍ അവരെ ഫോളോഓണിനയച്ചത്. എന്നാല്‍ ഒരു ദിവസം കൂടി ശേഷിക്കെ കോഹ് ലിക്ക് മുന്നില്‍ ജയമുണ്ട് എന്ന പ്രത്യേകതയുണ്ട്. ഇതുകൂടാതെ, സിഡ്‌നിയിലെ ഇന്ത്യന്‍ പ്ലേയിങ് ഇലവനിലെ ഒരു താരവും അന്ന് കപില്‍ ഓസീസിനെ ഫോളോഓണിന് അയക്കുമ്പോള്‍ ജനിച്ചിട്ടില്ല. 

2005ലാണ് ഓസ്‌ട്രേലിയെ ഒരു ടീം ഫോളോഓണിന് അയക്കുന്നത്. ഇംഗ്ലണ്ടായിരുന്നു അന്ന ആ കൃത്യം നിറവേറ്റിയത്. അഞ്ചാം ദിനം ബൗളിങ് മൂര്‍ച്ഛ കൂട്ടി സിഡ്‌നിയില്‍ ജയം പിടിച്ചാല്‍ 1978ന് ശേഷം ഇവിടെ ടീമിനെ ജയത്തിലേക്കെത്തിക്കുന്ന ഇന്ത്യന്‍ നായകന്‍ എന്ന നേട്ടവും കോഹ് ലിക്ക് സ്വന്തമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com