ജയിച്ചു കയറാന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്നിറങ്ങും; തായ്‌ലാന്‍ഡിനെതിരെ നയിക്കുക ഛേത്രിയല്ല

തായ്‌ലാന്‍ഡിനെതിരെ 24 വട്ടം ഏറ്റുമുട്ടിയപ്പോള്‍ 12 വട്ടവും ജയം അവര്‍ക്കൊപ്പം നിന്നു
ജയിച്ചു കയറാന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്നിറങ്ങും; തായ്‌ലാന്‍ഡിനെതിരെ നയിക്കുക ഛേത്രിയല്ല

ഏഷ്യാ കപ്പിലെ ആദ്യ പോരിന് ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് എയില്‍ തായ്‌ലാന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഗുര്‍പ്രീത് സിങ് സന്ധുവായിരിക്കും ഇന്ത്യയെ നയിക്കുക. നായകന്മാരെ മാറ്റിക്കൊണ്ടിരിക്കുക എന്ന കോച്ച് കോണ്‍സ്റ്റന്റെ നയത്തിന് ഏഷ്യാ കപ്പിലേക്ക് എത്തുമ്പോഴും മാറ്റമില്ല. 

തായ്‌ലാന്‍ഡിനെതിരെ 24 വട്ടം ഏറ്റുമുട്ടിയപ്പോള്‍ 12 വട്ടവും ജയം അവര്‍ക്കൊപ്പം നിന്നു. ഇന്ത്യ ജയിച്ചതാവട്ടെ അഞ്ച് കളികളിലും. ഏഴ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. അടുത്തിടെ കഴിഞ്ഞ കുറേ മത്സരങ്ങള്‍ നല്‍കുന്ന പോസിറ്റീവ് റിസല്‍ട്ടാണ് അട്ടിമറികള്‍ ലക്ഷ്യം വയ്ക്കുന്ന ഇന്ത്യയ്ക്കുന്ന പ്രചോദനം. ഇത്തവണ നോക്ക് ഔട്ട് ഘട്ടം കടക്കാന്‍ ഇന്ത്യന്‍ സംഘത്തിന് സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

1964ല്‍ റണ്ണേഴ്‌സ് അപ്പ് ആയതിന് ശേഷം അവിടേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. 1984ലും, 2011ലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ പുറത്തായിരുന്നു. മാഴ്‌സെലോ ലിപ്പിയുടെ ചൈനയേയും ഒമാനേയും തളച്ചുമാണ് തങ്ങളുടെ നാലാം ഏഷ്യാ കപ്പിനായി ഇന്ത്യ ഒരുങ്ങിയത്. ജോര്‍ദാനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തിരിച്ചടി നേരിട്ടത് മാത്രം ഇന്ത്യയ്ക്ക് തിരിച്ചടിയായി. 

തായ്‌ലാന്‍ഡിനെ ഇന്ന് തോല്‍പ്പിച്ചാല്‍ പിന്നെയുള്ള, യുഎഇക്കെതിരേയും, ബഹ്‌റെയ്‌നെതിരെയുമുള്ള മത്സരങ്ങളില്‍ സമനിലയായാലും ഇന്ത്യയ്ക്ക് അവസാന പതിനാറിലെത്താം. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറെഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോളുകളില്‍ തിരെ പിശുക്കാതിരുന്ന തായ്‌ലാന്‍ഡിന് മുന്നില്‍ ഇന്ത്യ എത്തുമ്പോള്‍ പ്രതിരോധ നിരയിലെ അച്ചടക്കമാണ് ഇന്ത്യയുടെ ഹൈലൈറ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com