ഇതൊരു ശീലമാക്കാം; വരാനിരിക്കുന്ന പരമ്പരകളിലും വിജയം തുടരട്ടെ- ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2019 02:57 PM  |  

Last Updated: 07th January 2019 02:57 PM  |   A+A-   |  

team

 

ന്യൂഡൽഹി: ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ പകിട്ടിലാണ് ടീം ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് സ്വന്തമാക്കിയാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ചരിത്രമെഴുതിയത്. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര എന്ന 71 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ത്യ സിഡ്നിയിൽ വിരാമമിട്ടത്. 

ഇതിന് മുൻപ് ഓസ്ട്രേലിയയില്‍ കളിച്ച പതിനൊന്ന് ടെസ്റ്റ് പരമ്പരകളിലും വിജയിക്കാൻ സാധിക്കാതിരുന്ന ഇന്ത്യ പന്ത്രണ്ടാമത്തെ പര്യടനത്തിലാണ് ജയവുമായി മടങ്ങുന്നത്. പരമ്പരയിലെ ഒന്നും മൂന്നും ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ഓസീസ് വിജയിച്ചു. നാലാം ടെസ്റ്റ് മഴമൂലം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്തെത്തി. ഔദ്യോ​ഗിക ട്വിറ്റർ പേജിലൂടെയാണ് ഇരുവരുടേയും അഭിനന്ദനം. 

അവസാന കടമ്പയും കീഴടക്കിയതില്‍ കോഹ്‌ലിയെയും സംഘത്തെയും അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. കരുത്തുറ്റ ബാറ്റിങും വിസ്മയകരമായ പേസ് ബൗളിങും ടീം വര്‍ക്കുമാണ് ഈ വിജയം സാധ്യമാക്കിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതൊരു ശീലമാക്കാമെന്നും രാഷ്ട്രപതി കുറിച്ചു.

ചരിത്ര വിജയമാണ് ഓസ്ട്രേലിയയിലെ ഇന്ത്യ സ്വന്തമാക്കിയതെന്ന് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. കടുത്ത പോരാട്ടത്തിനൊടുവില്‍ നേടിയ വിജയത്തില്‍ ഇന്ത്യയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ കരുത്തുറ്റ ടീം വര്‍ക്കും കണ്ടു. ഈ വിജയം ടീം അര്‍ഹിക്കുന്നു. വരാനിരിക്കുന്ന പരമ്പരകളിലും വിജയം തുടരട്ടേയെന്നും പ്രധാനമന്ത്രി ആശംസിച്ചു.