ഓസ്‌ട്രേലിയയില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യ; ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2019 09:16 AM  |  

Last Updated: 07th January 2019 09:33 AM  |   A+A-   |  

koli55

 

സിഡ്‌നി; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നാലാം മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയത്. ഇത് ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. മൂന്ന് സെഞ്ചറി നേടിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. 

മഴയെ തുടര്‍ന്ന് നാലാം മത്സരത്തിന്റെ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ചതോടെയാണ് കളി സമനിലയിലായത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ് ലി സ്വന്തമാക്കി. നാല് മത്സരങ്ങളുടെ പരമ്പരയില്‍ കൊഹ് ലിയും സംഘവും നിരവധി റെക്കോഡുകളാണ് തകര്‍ത്തത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസീസ് മണ്ണില്‍ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യുക എന്ന നേട്ടത്തിനൊപ്പം, 31 വര്‍ഷത്തിന് ശേഷം ഓസീസിനെ ഫോളോ ഓണിനയക്കുന്ന സന്ദര്‍ശക ടീമായും ഇന്ത്യ മാറി. 

തോല്‍വിയുടെ വക്കില്‍ നിന്ന ഓസ്‌ട്രേലിയയ്ക്ക് സമനില നേടിക്കൊടുത്തത് മോശം കാലാവസ്ഥയാണ്. നാലാം ദിവസത്തെ കളിയും മഴ കാരണം തടസപ്പെട്ടിരുന്നു. ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്. 

നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് െ്രെഡവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്‌സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു.