ഗോള്‍ 2019: ആദ്യമത്സരങ്ങളില്‍ എസ് എന്‍ കോളേജിനും എംഇഎസ് കോളേജിനും ത്രസിപ്പിക്കുന്ന വിജയം 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 07th January 2019 10:41 AM  |  

Last Updated: 07th January 2019 10:41 AM  |   A+A-   |  

 

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന  ഇന്റര്‍ കൊളജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യമത്സരത്തില്‍ ഷൊര്‍ണ്ണൂര്‍ എംപിഎംഎം എസ് എന്‍ കോളേജിന് ത്രസിപ്പിക്കുന്ന വിജയം. തേവര എസ് എച്ച് കോളേജിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എസ് എന്‍ കോളേജ് തറപറ്റിച്ചത്.  മറ്റൊരു മത്സരത്തില്‍ ആലുവ യുസി കോളേജിനെ വളാഞ്ചേരി എംഇഎസ് കോളേജ് പരാജയപ്പെടുത്തി. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ആയിരുന്നു എംഇഎസ് കോളേജിന്റെ വിജയം.

മികച്ച താരങ്ങളെ കണ്ടെത്താനായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കൊളജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പിനാണ് ഇന്നലെ തുടക്കമായത്.  ഈ മാസം 20വരെ എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. കേരളത്തിലെ 24 കോളജ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. 

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സമ്മാന തുക നല്‍കുന്ന കോളജ് തലത്തിലുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റാണിത്. വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. 

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തുന്നതിനായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറില്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹത്തിന്റെ നേതൃത്വത്തേയും രമേശ് ചെന്നിത്തല അഭിനന്ദിച്ചു. രമേശ് ചെന്നിത്തലയും പ്രഭു ചാവ്‌ലയും ചേര്‍ന്ന് ടൂര്‍ണമെന്റിന്റെ പതാക ഉയര്‍ത്തി.
 

TAGS
goal