സ്മിത്തിനേയും വാര്‍ണറേയും ഓസീസ് ടീമില്‍ കളിപ്പിക്കാത്തത് ഇന്ത്യയുടെ തെറ്റല്ല; ചരിത്ര നേട്ടത്തെ വിലകുറച്ച് കാണുന്നവരോട് സുനില്‍ ഗവാസ്‌കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2019 05:09 PM  |  

Last Updated: 07th January 2019 05:09 PM  |   A+A-   |  

Sunil-Kohli

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മുന്‍ താരങ്ങളടക്കമുള്ളവര്‍ ടീമിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയാണ്. 

അതേസമയം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ഓപണര്‍ ഡേവിഡ് വാര്‍ണറും ഇല്ലാത്ത ഓസീസ് ടീമിനെതിരെയാണ് ഇന്ത്യയുടെ പരമ്പര നേട്ടമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ചിലര്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരം നിരീക്ഷണങ്ങളെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കര്‍. 

ഓസ്‌ട്രേലിയന്‍ ടീമില്‍ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും കളിക്കാത്തത് ഇന്ത്യയുടെ തെറ്റല്ലെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. പന്ത് ചുരണ്ടല്‍ വിവാദമുണ്ടായപ്പോള്‍ സ്മിത്തിനേയും വാര്‍ണറേയും കുറച്ച് കാലത്തേക്ക് മാത്രം വിലക്കി അവര്‍ക്ക് തിരിച്ച് ടീമിലേക്കെടുക്കാമായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഗുണത്തിനായാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. കളിയില്‍ മാന്യത വിട്ട് പെരുമാറുന്നവര്‍ ഇത്തരം കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നതിന് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ നേട്ടം മഹത്തരമാണ്. മികച്ച ശാരീരീകക്ഷമത പുലര്‍ത്താനും താരങ്ങള്‍ക്ക് സാധിച്ചു. ക്യാപ്റ്റന്‍ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ ടീമംഗങ്ങള്‍ക്ക് മാതൃകയാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 

മുന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദി, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം ടീമിനെ അഭിനന്ദിച്ചു. പരിമിത ഓവര്‍ താരം സുരേഷ് റെയ്‌ന, മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സന്‍, മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.