ഓസീസ് മണ്ണിലെ സ്വപ്ന സാക്ഷാത്കാരം; ഇന്ത്യൻ താരങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനവുമായി ബിസിസിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2019 08:44 PM  |  

Last Updated: 08th January 2019 08:44 PM  |   A+A-   |  

ind

 

മുംബൈ: ഓസ്‌ട്രേലിയയിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൈനിറയെ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ബിസിസിഐ. പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഓരോ താരത്തിനും 60 ലക്ഷം രൂപ വീതമാണ് നൽകുന്നത്. പരമ്പരയിലെ നാല് മത്സരങ്ങളിലെ ഓരോ മത്സരത്തിനും 15 ലക്ഷം രൂപ വീതം ഒരു താരത്തിന് ലഭിക്കും. ഇങ്ങനെ ഒരു താരത്തിന്റെ അക്കൗണ്ടിൽ 60 ലക്ഷം രൂപയെത്തും. താരങ്ങൾക്ക് മാത്രമല്ല കോച്ചിങ് സ്റ്റാഫിനും പ്രതിഫലമുണ്ട്. 

റിസര്‍വ് താരങ്ങള്‍ക്ക് ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതമാണ് ലഭിക്കുന്നത്. നാല് മത്സരങ്ങള്‍ക്കു കൂടി 30 ലക്ഷം രൂപ വീതം ലഭിക്കും. കോച്ചിങ് സ്റ്റാഫിന് ഓരോ മത്സരത്തിനും ബോണസായി 25 ലക്ഷം രൂപ ലഭിക്കും. നാല് മത്സരത്തിനും കൂടി ആകെ ഒരു കോടി രൂപയാകും കോച്ചിങ് സ്റ്റാഫിന് ലഭിക്കുക. സപ്പോര്‍ട്ട് സ്റ്റാഫിന് ശമ്പളത്തിന്റെ അടിസ്ഥാനത്തിലും ബോണസ് ലഭിക്കും.

2-1നാണ് ഇന്ത്യയുടെ പരമ്പര നേട്ടം. 71 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിച്ചത്. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോർഡും ഇന്ത്യ നേടിയിരുന്നു.