തുടക്കത്തിൽ തകർച്ച; രക്ഷകനായി രാഹുൽ; കേരളം പൊരുതുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2019 07:12 PM  |  

Last Updated: 08th January 2019 07:12 PM  |   A+A-   |  

rahul_p_batting

 

ഷിംല: ഹിമാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ കേരളം തിരിച്ചടിക്കുന്നു. തുടക്കത്തിൽ തകർച്ച നേരിട്ട കേരളത്തിനായി ഓപണര്‍ പി രാഹുല്‍ രക്ഷക വേഷത്തിലെത്തിയതോടെ ടീം കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഹിമാചലിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 297 റണ്‍സിനെതിരേ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകൾ കൈയിലിരിക്കെ ഹിമാചലിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ കേരളത്തിന് 78 റണ്‍സ് കൂടി വേണം. രണ്ടാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ സെഞ്ച്വറിയുമായി രാഹുലും (103), സഞ്ജു വി സാംസണുമാണ് (32) ക്രീസില്‍. 

ഒരു ഘട്ടത്തില്‍ വന്‍ തകര്‍ച്ചയിലേക്ക് പോയതാണ് കേരളം. അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ സ്കോർ ബോര്‍ഡില്‍ 146 റണ്‍സ് മാത്രമായിരുന്നു. 37 പന്തില്‍ 40 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദീന്‍ മാത്രമാണ് രാഹുലിന് ഈ ഘട്ടത്തിൽ അൽപ്പമെങ്കിലും പിന്തുണ നല്കിയത്. സച്ചിന്‍ ബേബി (മൂന്ന്), വിഷ്ണു വിനോദ് (ഒന്ന്), വിഎ ജഗദീഷ് (അഞ്ച്), സിജോമോന്‍ ജോസഫ് (16) എന്നിവരാണ് കാര്യമായ സംഭാവന നൽകാതെ മടങ്ങിയത്. 

രാഹുലിന്റെ രഞ്ജിയിലെ കന്നി ശതകമാണ് ഹിമാചലിനെതിരേ പിറന്നത്. മറ്റു ബാറ്റ്‌സ്മാന്മാര്‍ പതറിയപ്പോള്‍ രാഹുല്‍ അചഞ്ചലനായി ബാറ്റു വീശി. 195 പന്തില്‍ 13 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് രാഹുല്‍ 103 റണ്‍സെടുത്തത്. ഏഴമനായാണ് സഞ്ജു ക്രീസിലെത്തിയത്. 65 പന്തിലാണ് താരം 32 റണ്‍സ് എടുത്തത്.