​ഗോൾ 2019: സുഹെെലിന്റെ ഹാട്രിക് ​ഗോളിൽ തകർന്ന് ​ഗുരുവായൂരപ്പൻ കോളെജ്, വിജയം നേടി എംഇഎസ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2019 05:55 AM  |  

Last Updated: 08th January 2019 06:03 AM  |   A+A-   |  

goal

സുഹെെലിന്റെ ഹാട്രിക് ​ഗോൾ മികവിൽ കോഴിക്കോട് ​ഗുരുവായൂരപ്പൻ കോളെജിനെ തകർത്ത് മലപ്പുറം എംഇഎസ് കോളെജ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കൊളജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് എംഇഎസ് വിജയം നേടിയത്.  രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് വിജയം. 

തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുലര്‍ത്തിയ എംഇഎസ് കോളെജ് കളിയെ തങ്ങളുടെ കൈപിടിയില്‍ നിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് മധ്യഭാഗത്ത് വിഷ്ണു വര്‍മ്മയും മുഹമ്മദ് ഫര്‍ഹാനും കളി നയിച്ചു. ഇതിനിടയില്‍ ​ഗുരുവായൂരപ്പൻ കോളെജ് തുടക്കത്തിലെ സമ്മര്‍ദ്ദത്തെ മറികടക്കുന്നതും കളിയുടെ ഗതി പിടിച്ചെടുക്കുന്നതും കണ്ടു. പക്ഷെ ​ഗുരുവായൂരപ്പൻ താരങ്ങളുടെ പ്രതിരോധത്തെ മറികടന്ന് കളിയുടെ പത്താം മിനിറ്റില്‍ എംഇഎസ് ആദ്യ ഗോള്‍ നേടി. സെന്റര്‍ ഹാഫ് സര്‍ക്കിളില്‍ നിന്ന് അറ്റാക്കര്‍ സുഹൈല്‍ എംഇഎസിന് ആദ്യ ഗോള്‍ സമ്മാനിച്ചു. 16-ാം മിനിറ്റില്‍ ​ഗുരുവായൂരപ്പൻ ആദ്യ ഗോള്‍ നേടി ഒപ്പമെത്തി. പക്ഷെ രണ്ടാം പകുതിയിലേക്ക് കടക്കുന്നതിന് മുമ്പ് എംഇഎസ് മൂന്ന് ഗോളുകള്‍ വലയിലെത്തിച്ചിരുന്നു. 

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ പുറത്തെടുത്തത്. ആക്രമണം മുന്‍നിര്‍ത്തി പകരക്കാരെ പരീക്ഷിക്കാനും ​ഗുരുവായൂരപ്പൻ ടീം തയ്യാറായി. 77-ാം മിനിറ്റില്‍ ​ഗുരുവായൂരപ്പൻ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 88മിനിറ്റില്‍ തന്റെ മൂന്നാം ഗോൾ നേടി സുഹൈല്‍ എംഇഎസിന്റെ വിജയം ഉറപ്പിച്ചു. ഇതോടെ 4-2ന് കളി എംഇഎസ് കൈപ്പിടിയിലൊതുക്കി.