പഴകും തോറും ഏറുന്ന കിവീസ് വീര്യം; സച്ചിനേയും കോഹ്‌ലിയേയും പിന്തള്ളി റെക്കോര്‍ഡ് നേട്ടവുമായി ടെയ്‌ലര്‍

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന അപൂര്‍വം താരങ്ങളിലൊരാളാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍
പഴകും തോറും ഏറുന്ന കിവീസ് വീര്യം; സച്ചിനേയും കോഹ്‌ലിയേയും പിന്തള്ളി റെക്കോര്‍ഡ് നേട്ടവുമായി ടെയ്‌ലര്‍

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന അപൂര്‍വം താരങ്ങളിലൊരാളാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. പ്രതിസന്ധി ഘട്ടത്തില്‍ ക്രീസിലെത്തുന്ന ടെയ്‌ലര്‍ പല അവസരങ്ങളിലും ടീമിനെ മികച്ച ഫലങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. 34ാം വയസിലും തന്റെ ബാറ്റിങിന് മികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് നിരന്തരം റണ്‍സ് വാരി താരം തെളിയിക്കുകയാണ്. 

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരിയപ്പോള്‍ താരമായതും ടെയ്‌ലര്‍ തന്നെ. അവസാന പോരാട്ടത്തില്‍ സെഞ്ച്വറി തികച്ച ടെയ്‌ലര്‍ ഒപ്പം മറ്റൊരു നേട്ടവും സ്വന്തം പേരില്‍ കുറിച്ചു. 

തുടര്‍ച്ചയായി ആറ് ഏകദിന ഇന്നിങ്‌സുകളില്‍ 50ലധികം റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡിലേക്ക് തന്റെ പേരും കൂടി ഈ കിവി വെറ്ററന്‍ എഴുതി ചേര്‍ത്തു. ഇക്കാര്യത്തില്‍ പിന്നിലാക്കിയതാകട്ടെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും നിലവില്‍ അന്താരഷ്ട്ര കിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും. ഇരുവര്‍ക്കും അഞ്ച് വീതമാണ് തുടര്‍ച്ചയായ 50ല്‍ അധികം റണ്‍സുള്ളത്. 

ടെയ്‌ലര്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ തന്നെയായ കെയ്ന്‍ വില്ല്യംസന്‍, ആന്‍ഡ്രു ജോണ്‍സ് എന്നിവര്‍ക്കൊപ്പമാണ് ഇപ്പോള്‍ റെക്കോര്‍ഡ് പങ്കിടുന്നത്. മുന്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് യൂസുഫ്, വെസ്റ്റിന്‍ഡീസ് ഇതിഹാസം ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, ഓസ്‌ട്രേലിയന്‍ ഇതിഹാസം മാര്‍ക് വോ എന്നിവരും ആറ് വീതം തവണ തുടര്‍ച്ചയായി 50ല്‍ അധികം റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. തുടര്‍ച്ചയായി ഒന്‍പത് തവണ മികച്ച സ്‌കോറുകള്‍ കണ്ടെത്തിയ മുന്‍ പാക് നായകന്‍ ജാവേദ് മിയാന്‍ദാദാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 

ശ്രീലങ്കക്കെതിരായ അവസാന പോരാട്ടത്തില്‍ 131 പന്തില്‍ 137 റണ്‍സെടുത്താണ് ടെയ്‌ലറുടെ മുന്നേറ്റം. നേരത്തെ 181, 80, 86, 54, 90 എന്നിവയായിരുന്നു നേരത്തെ തുടര്‍ച്ചയായി ടെയ്‌ലര്‍ അടിച്ചെടുത്ത വ്യക്തിഗത സ്‌കോറുകള്‍. കരിയറിലെ 20ാം ഏകദിന ശതകമാണ് ടെയ്‌ലര്‍ നേടിയത്. 

മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ 115 റണ്‍സിനാണ് സന്ദര്‍ശകരായ ലങ്കയെ കിവികള്‍ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് റോസ് ടെയ്‌ലര്‍ (137), ഹെന്റി നിക്കോള്‍സ് (124) എന്നിവരുടെ സെഞ്ച്വറി കരുത്തില്‍ 364 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ പോരാട്ടം 249 അവസാനിച്ചു. തിസാര പെരേര (80)യ്ക്ക് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com