ഗോള്‍ 2019: മറുപടിയില്ലാത്ത നാല് ഗോളുകള്‍, മാമോ കോളേജിനെ തകര്‍ത്ത് ശ്രീ വ്യാസ എന്‍എസ്എസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2019 05:30 AM  |  

Last Updated: 09th January 2019 05:31 AM  |   A+A-   |  

GOAL_2019

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കൊളജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടിലെ ആറാം മത്സരത്തില്‍ വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് കോളെജിന് ജയം. മുക്കം മാമോ കോളെജിനെയാണ് ഇന്ന് മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വ്യാസ കോളേജ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-0.

കളിയുടെ ആദ്യ 15മിനിറ്റില്‍ മാമോ കോളേജ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും കളിയിലേക്ക് ഉജ്ജ്വല മടങ്ങിവരവാണ് വ്യാസ കോളേജ് നടത്തിയത്. തുടക്കത്തില്‍ നാലോളം ഗോളവസരങ്ങളാണ് മാമോ കോളേജ് സൃഷ്ടിച്ചെടുത്തത്. മാമോയുടെ ഫോര്‍വേര്‍ഡ് താരങ്ങളായ ഹസനുള്‍ ഹാദിയും റഷീദ് പിയും അടിക്കടി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ വ്യാസയുടെ ഗോളി അനന്ദുവിന്റെ മികവില്‍ ഈ അവസരങ്ങള്‍ പാഴായിപ്പേയി. തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കളിയിലേക്ക് മടങ്ങിയെത്തിയ വ്യാസ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. 

28-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഷിഹാബുദ്ദീനാണ് ഗോള്‍ വല കുലുക്കിയത്. മാമോയുടെ പ്രതിരോധ താരങ്ങള്‍ നിറംമങ്ങിയതോടെ രണ്ടാം പകുതി വ്യാസ കോളേജിന് കൂടുതല്‍ എളുപ്പമായി. 33-ാം മിനിറ്റില്‍ ദിപക് രണ്ടാം ഗോള്‍ നേടി. പിന്നീട് 56-ാം മിനിറ്റിലും 78-ാം മിനിറ്റിലും ഗോളുകള്‍ പിറന്നു. ഷഫീര്‍, ഗോകുല്‍ കൃഷ്ണദാസ് എന്നിവരാണ് വലകുലുക്കിയത്.