ചരിത്ര വിജയത്തിന് പ്രതിഫലം; ഇന്ത്യന്‍ സംഘത്തിന് സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2019 10:49 AM  |  

Last Updated: 09th January 2019 10:58 AM  |   A+A-   |  

BCCI

 

ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിച്ച് പരമ്പര ജയിച്ച ഇന്ത്യന്‍ സംഘത്തിന് സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. ടീം അംഗങ്ങള്‍ക്ക് പുറമെ, പരിശീലക സംഘത്തിനും, സപ്പോര്‍ട്ടിങ് സ്റ്റാഫിനും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സിഡ്‌നിയിലെ അവസാന ടെസ്റ്റ് സമനിലയിലായതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയായിരുന്നു. 

കളിക്കാരുടെ മാച്ച് ഫിക്ക് തുല്യമായ തുകയാണ് സമ്മാനത്തുകയായി നല്‍കുക. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ വീതവും, ടീമിലുണ്ടായിരുന്ന താരങ്ങള്‍ക്ക് 7.5 ലക്ഷം രൂപ വീതവും ലഭിക്കും. കോച്ചിങ് സ്റ്റാഫിലുള്ളവര്‍ക്ക് 25 ലക്ഷം രൂപ വീതം. നോണ്‍ കോച്ചിങ് സ്റ്റാഫിന് അവരുടെ ഫ്രൊഫഷണല്‍ ഫീയ്ക്ക് തുല്യമായ തുകയും നല്‍കുമെന്ന് ബിസിസിഐ വ്യക്തമാക്കി. 

ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ  ഏഷ്യന്‍ രാജ്യമാവുകയായിരുന്നു ഇന്ത്യ. അഡ്‌ലെയ്ഡില്‍ ജയം നേടിയ ഇന്ത്യയ്ക്ക് പെര്‍ത്തില്‍ പിഴച്ചിരുന്നു. എന്നാല്‍ മെല്‍ബണില്‍ ഇന്ത്യ ജയം പിടിച്ച് പരമ്പര കൈവിടില്ലെന്ന് ഉറപ്പിച്ചു. സിഡ്‌നിയില്‍ പൂജാരയുടേയും, പന്തിന്റേയും ബലത്തില്‍ പിടിച്ചു കയറുകയും വില്ലനായി കാലാവസ്ഥ എത്തുകയും ചെയ്തപ്പോള്‍ ഇന്ത്യ 2-1ന് പരമ്പര പിടിക്കുകയായിരുന്നു. 

കോഹ് ലിക്കും സംഘത്തിനും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവരും എത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യയെ അഭിനന്ദിച്ചു. അതിന് പിന്നാലെയാണ് ബിസിസിഐയെ താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചത്. 1947-48ല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യ ഓസീസ് മണ്ണില്‍ പരമ്പര ജയം പിടിക്കുന്നത്.