ഹര്‍ദിക്കിനോടും രാഹുലിനോടും വിശദീകരണം തേടി ബിസിസിഐ; ചാറ്റ് ഷോകളില്‍ പങ്കെടുക്കുന്നത് വിലക്കാന്‍ ആലോചന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2019 12:43 PM  |  

Last Updated: 09th January 2019 01:05 PM  |   A+A-   |  

pandya

 

ചാറ്റ് ഷോയിലെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കെ.എല്‍.രാഹുലിനോടും, ഹര്‍ദിക് പാണ്ഡ്യയോടും ബിസിസിഐ വിശദീകരണം തേടിയതായി റിപ്പോര്‍ട്ട്. ചാറ്റ് വിത് കരണ്‍ ജോഹര്‍ എന്ന പരിപാടിയില്‍ ഇരുവരുടേയും ഭാഗത്ത് നിന്നുമുണ്ടായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം ശക്തമായതോടെ ഹര്‍ദിക് പാണ്ഡ്യ മാപ്പ്‌ പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കെ.എല്‍.രാഹുല്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഹര്‍ദിക്കിന്റേയും രാഹുലിന്റേയും ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച പരിഗണിച്ച്, കളിക്കാര്‍ ക്രിക്കറ്റ് ഇതര ചാറ്റ് ഷോകളില്‍ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്. 

രാഹുലിനും, പാണ്ഡ്യയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 24 മണിക്കൂറിനകം മറുപടി നല്‍കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് സിഒഎ തലവന്‍ വിനോദ് റായ് വ്യക്തമാക്കി. പെണ്‍കുട്ടികളുമായി ഇടപെഴകുന്നതിനെ കുറിച്ചും, മാതാപിതാക്കളോട് തുറന്ന് സംസാരിക്കുന്നതിനെ കുറിച്ചുമെല്ലാമുള്ള ഇവരുടെ പ്രതികരണങ്ങളാണ് വിവാദമായത്. 

18ാം വയസില്‍ തന്റെ മുറിയില്‍ നിന്നും കോണ്ടം കണ്ടെത്തിയതിന് അമ്മ ശകാരിച്ചു. എന്നാല്‍ ഞാന്‍ സുരക്ഷിതനായിരിക്കും എന്ന ഉപദേശമാണ് അച്ഛന്‍ നല്‍കിയത് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. ക്ലബുകളില്‍ പാര്‍ട്ടികള്‍ക്കെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ  പേര് ചോദിക്കാത്തത് എന്തെന്നായിരുന്നു ഹര്‍ദിക്കിനോട് കരണ്‍ ജോഹര്‍ ചോദിച്ചത്. അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലാണ് തന്റെ ശ്രദ്ധ എന്നായിരുന്നു ഹര്‍ദിക്കിന്റെ മറുപടി.