ഏഷ്യാ കപ്പ്; ഇന്ത്യ ഗ്യാലറി നിറയ്ക്കാതിരിക്കാന്‍ യുഎഇയുടെ തന്ത്രം, 5000 ടിക്കറ്റുകള്‍ വാങ്ങിവെച്ചു

ഇന്ത്യന്‍ ആരാധകര്‍ ഗ്യാലറി നിറയ്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായിട്ടാണ് യുഎഇയുടെ തന്ത്രം
ഏഷ്യാ കപ്പ്; ഇന്ത്യ ഗ്യാലറി നിറയ്ക്കാതിരിക്കാന്‍ യുഎഇയുടെ തന്ത്രം, 5000 ടിക്കറ്റുകള്‍ വാങ്ങിവെച്ചു

തകര്‍പ്പന്‍ തുടക്കമായിരുന്നു എഎഫ്‌സി ഏഷ്യാ കപ്പില്‍ ഇന്ത്യയുടേത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തായ്‌ലാന്‍ഡിനെ തകര്‍ത്തെറിയുമെന്ന് കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും വിശ്വസിച്ചിരുന്നില്ല. എന്നാലത് സംഭവിച്ചു. ആദ്യത്തെ കളി തകര്‍ത്തതോടെ ഇനി വരുന്ന ഇന്ത്യയുടെ മത്സരങ്ങളില്‍ ഗ്യാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ നിറയുമെന്ന് ഉറപ്പാണ്. അതിനെ ചെറുക്കുവാനാണ് യുഎഇ ഭരണകൂടത്തിന്റെ തന്ത്രമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ഇന്ത്യ-യുഎഇ മത്സരത്തിനുള്ള 5000 ടിക്കറ്റാണ് യുനൈറ്റഡ് അറബ് എമറൈറ്റ്‌സ് വാങ്ങിവെച്ചത്. ഇത് തങ്ങളുടെ ആരാധകര്‍ക്ക് കളി നടക്കുന്ന ദിവസം വിതരണം ചെയ്യും. ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ സ്വന്തം തട്ടകത്തില്‍ മത്സരം നടക്കുന്നതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് യുഎഇയുടെ ഈ നീക്കം. 

യുഎഇയിലെ ഇന്ത്യക്കാരുടെ ജനസംഖ്യയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിങ്ങനെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുമുള്ള ജനങ്ങളും യുഎഇയില്‍ ഏറെയുണ്ട്. ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ ആരാധകര്‍ ഗ്യാലറി നിറയ്ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായിട്ടാണ് യുഎഇയുടെ തന്ത്രം. 

തായ്‌ലാന്‍ഡിനെ തച്ചുതകര്‍ത്ത് ഇന്ത്യ കുതിച്ചതോടെ ഏഷ്യാ കപ്പിലേക്ക് കൂടുതല്‍ ജനശ്രദ്ധ എത്തിയിട്ടുണ്ട്. മാത്രമല്ല, സമനിലയില്‍ പിരിഞ്ഞെങ്കിലും ആവേശം നിറയ്ക്കുന്നതായിരുന്നു യുഎഇ-ബഹ്‌റിന്‍ മത്സരവും. ഗ്രൂപ്പ് എയില്‍ യുഎഇ ഒന്നാമതെത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാ ടീമുകളും ഒരു മത്സരം വീതം പിന്നിടുമ്പോള്‍ മൂന്ന് പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്. ഇനി യുഎഇയേയും ബഹ്‌റിനേയും സമനിലയില്‍ തളച്ചാലും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com