കളിയിൽ പഴയ പ്രതാപമില്ലെങ്കിലും മികവ് ഓർമപ്പെടുത്താൻ ​ഗൃഹാതുര ഓർമകളിലേക്ക് മടക്കം; ഓസീസിന്റെ ജേഴ്സി സർപ്രൈസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2019 07:31 PM  |  

Last Updated: 10th January 2019 07:31 PM  |   A+A-   |  

australia-vs-india-759

 

സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വച്ച് നാണക്കേടിൽ നിൽക്കുന്ന ഓസ്ട്രേലിയ ഏകദിന പരമ്പരയിലൂടെ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം ശനിയാഴ്ചയാണ് നടക്കുന്നത്. ഏകദിന പോരിൽ തിരിച്ചുവരവിനൊരുങ്ങുന്ന ഓസീസ് ടീം തങ്ങളുടെ ജേഴ്സിയിൽ മാറ്റം വരുത്തിയാണ് ഇറങ്ങാനൊരുങ്ങുന്നത്. ​ഗൃഹാതുരമായ ഓർമകളാണ് ഈ ജേഴ്സിയുടെ സവിശേഷത. 

1986ൽ അലന്‍ ബോര്‍ഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്‌സിയെ ഓർമപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ ഡിസൈൻ. മഞ്ഞയും പച്ചയും കലർന്ന ജേഴ്സിയാണ് ഇന്ത്യക്കെതിരായ പോരിൽ ഓസീസ് അണിയുന്നത്. പഴയ പ്രതാപം കളിയിലില്ലെങ്കിലും ജേഴ്സിയിൽ അത് വരുത്തി തിരിച്ചുവരവിന് പ്രചോദനമാകട്ടെയെന്നാകും ഓസീസ് അധികൃതർ പ്രതീക്ഷിക്കുന്നത്. 

നിലവിലെ ഏകദിന ടീമിലെ സീനിയര്‍ താരം പീറ്റര്‍ സിഡിലിന് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസീസ് അവസാനമായി ഈ കുപ്പായത്തില്‍ കളിച്ചത്. പഴയ ജഴ്‌സിയില്‍ കളിക്കാനുള്ള അവസരം ലഭിച്ചത് അവിസ്മരണീയമാണ് എന്ന് പീറ്റര്‍ സിഡിൽ പ്രതികരിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിഡില്‍ ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം 12ന് സിഡ്‌നിയില്‍ നടക്കും. അഡ്‌ലെയ്‌ഡിലും(15) മെല്‍ബണിലും18) ആണ് രണ്ടും മൂന്നും മത്സരങ്ങൾ അരങ്ങേറും.