കാത്തുകാത്തിരുന്ന് റെയിൽവേസിന്റെ പാളം തെറ്റിച്ചു; ദേശീയ സീനിയർ വോളി വനിതാ കിരീടം കേരളം പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2019 08:14 PM  |  

Last Updated: 10th January 2019 08:14 PM  |   A+A-   |  

voly

 

ചെന്നൈ: പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ വനിതകൾ റെയിൽവേസിനോട് പകരം ചോദിച്ചു. ദേശീയ സീനിയർ വോളിബോൾ പോരാട്ടത്തിന്റെ വനിതാ വിഭാ​ഗത്തിൽ കേരളത്തിന് കിരീടം. ഹാട്രിക്ക് കിരീടം തേടിയിറങ്ങിയ പുരുഷൻമാർ സെമിയിൽ അപ്രതീക്ഷിതമായി തമിഴ്നാടിനോട് പരാജയപ്പെട്ടപ്പോൾ വനിതകൾ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. 

പതിവ് പോലെ റെയിൽവേസ് തന്നെയായിരുന്നു കേരളത്തിന്റെ കലാശപ്പോരിലെ എതിരാളികൾ. 2007ൽ അവരെ കീഴടക്കി കിരീടം നേടിയ ശേഷം ഇന്ന് വരെ കിരീടം വിട്ടുനൽകാതെ അപരാജിത മുന്നേറ്റമായിരുന്നു റെയിൽവേസ് നടത്തിയത്. അതിന് 11ാം വർഷത്തിൽ കേരള വനിതകൾ തിരിച്ചടി നൽകി. സ്കോർ: 20–25, 25–17, 17–25, 25–19, 15–8. നേരത്തെ പഞ്ചാബിനോട് തോറ്റ നിലവിലെ ചാമ്പ്യന്‍മാരായ പുരുഷ ടീം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 

വനിതാ വിഭാ​ഗത്തിൽ കേരളത്തിന്റെ പതിനൊന്നാം കിരീടമാണിത്. ആവേശം നിറഞ്ഞ ഫൈനലിനൊടുവില്‍ കേരളാ വനിതകള്‍ ചരിത്രത്തിലേക്ക് സര്‍വുതിര്‍ക്കുകയായിരുന്നു. മത്സരം അഞ്ച് സെറ്റ് പോരിലേക്ക് നീണ്ടപ്പോൾ രണ്ടിനെതിരെ മൂന്ന് ​സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ അട്ടിമറി വിജയം. ആദ്യ സെറ്റും മൂന്നാം സെറ്റും റെയില്‍വേസ് നേടിയെങ്കിലും രണ്ടും നാലും അഞ്ചും സെറ്റുകള്‍ നേടി കേരളം വിജയമുറപ്പിച്ചു. 15-8നായിരുന്നു അവസാന സെറ്റില്‍ കേരളത്തിന്റെ വിജയം. 

സദാനന്ദന്റെ പരിശീലനത്തിലിറങ്ങിയ കേരളം അവസാന ലാപ്പില്‍ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത്. 8-7ന് റെയില്‍വേ ലീഡെടുത്തെങ്കിലും തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി കേരളം 10-8ന് മുന്നിലെത്തി. പിന്നീട് കേരളത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 15-8ന് സെറ്റ് പിടിച്ചെടുത്ത് കേരളത്തിന്റെ പെൺകൊടികൾ ചരിത്രമെഴുതുകയായിരുന്നു. 

നേരത്തെ വനിതാ സെമിയില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് കേരളം പശ്ചിമ ബംഗാളിനെ കീഴടക്കിയാണ് ഫൈനലിലേക്ക് കടന്നത്. (25-18, 25-9, 25-9). എസ് രേഖ, എം ശ്രുതി, അഞ്ജു ബാലകൃഷ്ണന്‍, എസ് സൂര്യ എന്നിവരുടെ മികച്ച പ്രകടനമാണ് കേരളത്തിന് അനായസ ജയം സമ്മാനിച്ചത്.