തയ്യാറെടുപ്പുകൾ ലോകകപ്പിന്; ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം; മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2019 05:05 PM  |  

Last Updated: 10th January 2019 05:05 PM  |   A+A-   |  

DwiHcGwUUAA2OXh

 

മുംബൈ: മെയ് അവസാനം ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് ഇനി ഓസീസ് മണ്ണിൽ അരങ്ങേറുന്ന ഏക​ദിന പോരാട്ടം മുതൽ ലോക മാമാങ്കത്തിനുള്ള തയ്യാറെടുപ്പുകളാണ് വരുന്ന ഓരോ മത്സരങ്ങളും. ഇന്ത്യയുടെ ഓസീസ് പര്യടനം അവസാനിച്ചാൽ ഫെബ്രുവരിയിൽ ഓസ്ട്രേലിയ ഇന്ത്യൻ പര്യടനത്തിനായി ഇവിടെയെത്തും. മാർച്ച് 23 മുതൽ ഐപിഎൽ പോരാട്ടങ്ങൾ തുടങ്ങുമെന്ന് ഏതാണ്ടുറപ്പായ സാഹചര്യത്തിൽ ഇംഗ്ലണ്ടില്‍ തുടക്കമാവുന്ന ലോകകപ്പിന് മുൻപ് ഇന്ത്യക്കും ഓസീസിനും തയാറെടുപ്പിനുള്ള അവസാന പരമ്പരയാണിത്.

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് ഓസീസ് ഇന്ത്യൻ പര്യടനത്തിൽ കളിക്കുന്നത്. ഫെബ്രുവരി 24ന് ടി20 മത്സരത്തിലൂടെയാണ് പരമ്പരക്ക് തുടക്കമാകുന്നത്. ബംഗളൂരുവിലാണ് ആദ്യ ടി20 27ന് രണ്ടാം മത്സരം വിശാഖപട്ടണത്ത് നടക്കും.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് രണ്ടിന് ഹൈദരാബാദിൽ നടക്കും. രണ്ടാം ഏകദിനം മാര്‍ച്ച് അഞ്ചിന് നാഗ്പൂരിലും മൂന്നാം ഏകദിനം എട്ടിന് റാഞ്ചിയിലും, നാലാം ഏകദിനം 10ന്  മൊഹാലിയിലും അഞ്ചാം ഏകദിനം 13ന് ഡല്‍ഹിയിലും അരങ്ങേറും. 

ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനു ശേഷം ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് പോകും. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യ കളിക്കുന്നത്.