'വില്‍ യൂ മാരീ മീ?' അഭിമുഖത്തിനിടയില്‍ അവതാരക; വയസ് 20 അല്ലേ പഠനത്തില്‍ മാത്രം ശ്രദ്ധിക്കൂവെന്ന് രാഹുല്‍ ദ്രാവിഡ്, വീഡിയോ വൈറല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2019 10:58 PM  |  

Last Updated: 10th January 2019 10:58 PM  |   A+A-   |  

rahu

 

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ 'കോഫീ വിത് കരണ്‍' വിവാദമാകുന്നതിനിടെ രാഹുല്‍ ദ്രാവിഡിന്റെ പഴയ അഭിമുഖം വൈറലാവുകയാണ്. 'എംടിവി ബക്ര' എന്ന 'തരികിട' പോലുള്ള പരിപാടിയില്‍ രാഹുല്‍ മാന്യമായി പെരുമാറുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സെലിബ്രിറ്റികളെ തമാശപൂര്‍വ്വം പറ്റിക്കുന്ന പരിപാടിയാണ് എംടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ബക്‌റ.

 ബോളിവുഡ് താരമായ സയാലി ഭഗത് സിംഗപ്പൂരില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകയുടെ റോളിലെത്തിയാണ് രാഹുലിനെ പറ്റിക്കുന്നത്. 15 മിനിറ്റ് അഭിമുഖം ആവശ്യപ്പെടുന്ന സയാലി, അഭിമുഖത്തിന് പിന്നാലെ വിവാഹാഭ്യര്‍ത്ഥന നടത്തുന്നതോടെയാണ് വീഡിയോ രസകരമാവുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ദ്രാവിഡ് സോഫയില്‍ നിന്നും ചാടി എഴുന്നേറ്റ് ഓടാന്‍ ശ്രമിക്കുന്നതോടെ കളി മാറി. പെട്ടെന്ന് തന്നെ സയാലിയുടെ 'അച്ഛന്‍' റൂമിനുള്ളിലേക്ക് കയറി വന്ന് മകളുടെ ആഗ്രഹം പോലെ അങ്ങ് അവളെ വിവാഹം കഴിക്കൂവെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം.

സമനില വീണ്ടെടുത്ത് തിരികെ കസേരയില്‍ വന്നിരിക്കുന്ന ദ്രാവിഡ്, എത്ര വയസുണ്ടെന്ന് പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. 20 എന്ന് സയാലിയും മറുപടി നല്‍കുന്നു. ഇതോടെ പഠനത്തില്‍ ശ്രദ്ധിക്കൂവെന്ന് സയാലിയോടും  മകളെ നന്നായി പഠിപ്പിക്കൂവെന്ന് അച്ഛനോടും പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 
തരികിട പരിപാടിയാണെന്ന് പെട്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നതോടെ ദ്രാവിഡ് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 

ഇന്നത്തെ യുവതാരങ്ങള്‍ ദ്രാവിഡിനെ പോലുള്ള മുതിര്‍ന്ന തലമുറയെക്കണ്ട് പഠിക്കേണ്ടതുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മറ്റുള്ളവരോട് മാന്യമായി പെരുമാറാനും ബഹുമാനിക്കാനും പല താരങ്ങളും ഇനിയും പഠിക്കേണ്ടതുണ്ടെന്നും ട്വിറ്ററേനിയന്‍സ് ഈ വീഡിയോ പങ്കുവച്ച് ആവശ്യപ്പെടുന്നുണ്ട്.