ഇന്ത്യയുടെ ഉരുക്കുവനിത ഇനി തലപ്പത്ത്; മേരി കോമിന് ഒന്നാം റാങ്ക്

ഇന്ത്യന്‍ ബോക്‌സിങിലെ ഉരുക്കുവനിത മേരി കോം ലോക ബോക്‌സിങ് അസോസിയേഷന്റെ (എഐബിഎ) ഏറ്റവും പുതിയ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്
ഇന്ത്യയുടെ ഉരുക്കുവനിത ഇനി തലപ്പത്ത്; മേരി കോമിന് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സിങിലെ ഉരുക്കുവനിത മേരി കോം ലോക ബോക്‌സിങ് അസോസിയേഷന്റെ (എഐബിഎ) ഏറ്റവും പുതിയ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. ഈയടുത്ത് ആറാം ലോക കിരീടം സ്വന്തമാക്കി മേരി ചരിത്രമെഴുതിയിരുന്നു. ഈ പ്രകടനമാണ് മേരിക്ക് ഒന്നാം റാങ്കിലേക്കുള്ള വഴി തുറന്നത്. 

1700 പോയിന്റുകള്‍ നേടിയാണ് മേരി ഇപ്പോള്‍ ഒന്നാം റാങ്കിലെത്തിയത്. 57 കിലോയില്‍ ഇന്ത്യയുടെ സോണിയ ലാതര്‍ രണ്ടാം റാങ്കിലെത്തി. 64 കിലോയില്‍ സിമ്രന്‍ജിത് കൗര്‍ നാലാം റാങ്കിലേക്ക് കയറി. 51 കിലോയില്‍ പിങ്കി ജംഗ്ര, 54 കിലോയില്‍ മനിഷ മൗന്‍ എന്നിവര്‍ എട്ടാം റാങ്ക് സ്വന്തമാക്കി. 69 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹൈന്‍ അഞ്ചാം റാങ്കില്‍. 

ലോക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വിജയിച്ച ബോക്‌സറാണ് മേരി. 48 കിലോ ഗ്രാമിലാണ് മേരി ആറാം തവണയും ലോകത്തിന്റെ നെറുകയിലെത്തി കിരീടം സ്വന്തമാക്കിയത്. 

2020ല്‍ നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സാണ് വെറ്ററന്‍ ഇന്ത്യന്‍ താരം ഇപ്പോള്‍ മുന്നില്‍ കാണുന്നത്. മേരി മത്സരിക്കുന്ന 48 കിലോ ഒളിമ്പിക്‌സില്‍ മത്സര ഇനമായി ഇല്ലാത്തതിനാല്‍ 51 കിലോയിലാണ് താരം ഇറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com