രഞ്ജിട്രോഫി : ഹിമാചലിനെതിരെ ആവേശകരമായ വിജയം ; കേരളം ക്വാർട്ടറിൽ

ഹിമാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ആവേശകരമായ വിജയം
രഞ്ജിട്രോഫി : ഹിമാചലിനെതിരെ ആവേശകരമായ വിജയം ; കേരളം ക്വാർട്ടറിൽ

ഷിംല: ഹിമാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ആവേശകരമായ വിജയം. അ‍ഞ്ചു വിക്കറ്റിനാണ് കേരളം വിജയം നേടിയത്. ക്യാപ്റ്റൻ സച്ചിൻ ബേബി, ഓപ്പണർ വിനൂപ് മനോഹരൻ, സ‍ഞ്ജു സാംസൺ എന്നിവരുടെ അർധ സെഞ്ച്വറികളാണ് കേരളത്തിന് വിജയം നേടിക്കൊടുത്തത്. ഹിമാചലിനെ തോൽപ്പിച്ച കേരളം ക്വാർട്ടറിലെത്തി. 

രണ്ടാം ഇന്നിങ്‌സില്‍ 297 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിനൂപ് 96 ഉം, സച്ചിൻ 92 ഉം റൺസെടുത്ത പുറത്തായി. സഞ്ജു 61 റൺസുമായി പുറത്താകാതെ നിന്നു.  എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഹിമാചല്‍പ്രദേശ് 297 എന്ന വിജയലക്ഷ്യമാണ് കേരളത്തിന് മുന്നില്‍ വെച്ച് നീട്ടിയത് .

രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത കേരളത്തിനായി മികച്ച തുടക്കമാണ് ലഭിച്ചത്. 14 റണ്‍സെടുത്ത രാഹുല്‍ പി പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ വിനൂപും സിജോ മോന്‍ ജോസഫും കൂടി കേരളത്തെ കരകയറ്റി. 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഈ സഖ്യം പിരിയുന്നത്. 23 റണ്‍സെടുത്ത സിജോമോനെ ജെ.കെ സിങ് ആണ് പുറത്താക്കിയത്. ഹിമാചലിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 297-ന് എതിരേ ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്ന് ഒന്നാം ഇന്നിങ്സില്‍ കേരളം 286 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 18 റണ്‍സിനിടെയാണ് കേരളം അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്.

ഇതോടെ എട്ടുകളിയില്‍ നിന്നും കേരളത്തിന് 26 പോയിന്റായി.തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഈ സീസണിലെ കേരളത്തിന്റെ നാലാം ജയമാണിത്.  കേരള ക്രിക്കറ്റ് ടീമിനുള്ളിലുണ്ടായ ഭിന്നത മറന്നുള്ള പ്രകടനമാണ് കേരളത്തിന് തുണയായത്. നിര്‍ണായക മല്‍സരത്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ബൗളര്‍മാരും ഫോമിലേക്കുയര്‍ന്നതും കേരളത്തിന് ഗുണമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com