ആർത്തിരമ്പിയ കാണികൾക്ക് നിരാശ; ഏഷ്യ കപ്പിൽ യുഎഇയോട് ഇന്ത്യ തോറ്റു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 12:06 AM  |  

Last Updated: 11th January 2019 12:06 AM  |   A+A-   |  

india_uae

അബുദാബി: അബുദാബിയിലെ സയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഏഷ്യാ കപ്പ് ഫുട്ബോളിലെ ​ഗ്രൂപ്പ് തല മത്സരത്തിൽ എകപക്ഷീയമായ രണ്ട് ​ഗോളുകൾക്ക് ഇന്ത്യ യുഎഇയോട് തോറ്റു.

11-ാം മിനിറ്റിലും 22-ാം മിനിറ്റിലും ഇന്ത്യ ​സ്കോർബോർഡ് തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരു ശ്രമങ്ങളും ​ഗോളിക്ക് മുന്നിൽ അവസാനിക്കുകയായിരുന്നു.  സുനില്‍ ഛേത്രിയും ആഷിഖ് കുരുണിയനും ജെജെയും നിറഞ്ഞുനിന്നെങ്കിലും തൊടുത്തുവിട്ട ഷോട്ടുകളൊന്നും ​ഗോളായി മാറിയില്ല. 42-ാം മിനിറ്റിൽ ആതിഥേയർ ഇന്ത്യൻ ​ഗോൾവല ആദ്യമായി കുലുക്കി. ഖല്‍ഫാന്‍ മുബാറക്കാണ് ഇന്ത്യൻ പ്രതിരോധ താരങ്ങളെയും ​ഗോളിയെയും മറികടന്ന് പന്ത് വലയിലെത്തിച്ചത്. 88-ാം മിനിറ്റില്‍ യുഎഇ വീണ്ടും ഗോള്‍ നേടി. മബ്കൗത്തിലൂടെയാണ് യുഎഇ 2-0 എന്ന ലീഡിലേക്കെത്തിയത്.
 
എ ഗ്രൂപ്പിലെ കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎഇയെ നേരിടാനിറങ്ങിയ ഇന്ത്യ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കടുത്ത ഇന്ത്യന്‍ ആരാധകരെ പോലും ഇന്ത്യ ഞെട്ടിച്ചിരുന്നു. യുഎഇയോട് ഏറ്റ പരാജയത്തോടെ ബഹ്റൈനുമായുള്ള അടുത്ത മത്സരം ഇന്ത്യയ്ക്ക് കൂടുതൽ നിർ‌ണ്ണായകമായി. ​ഗ്രൂപ് തലം കടക്കാൻ ബഹേറൈനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനാകില്ല.