കേരളത്തിന്റെ പെണ്‍പട അടിച്ചു കൂട്ടിയത് 28 ഗോളുകള്‍; ഖേലോ ഇന്ത്യയില്‍ ഹിമാചലിനെ തകര്‍ത്തുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 09:32 AM  |  

Last Updated: 11th January 2019 09:38 AM  |   A+A-   |  

kheloindia

അടിച്ചു കൂട്ടിയത് 28 ഗോള്‍. വഴങ്ങിയത് പൂജ്യം. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ തകര്‍ത്തുകളിച്ച് കേരളത്തിന്റെ പെണ്‍പട. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഫുട്‌ബോളില്‍ ഹിമാചല്‍ പ്രദേശിനെതിരെ എതിരില്ലാത്ത  28 ഗോളുകള്‍ വലക്കകത്താക്കിയാണ്‌ കേരളം കുതിച്ചത്. 

ഹിമാചലിനെ ഓരോ നിമിഷവും മുള്‍മുനയില്‍ നിര്‍ത്തി ഏഴ് വട്ടം ഗോള്‍ വല ചലിപ്പിച്ച മേഘ്‌നയാണ് പച്ചപ്പുല്‍മൈതാനത്ത് കേരളത്തിന്റെ താരമായത്. സോന അഞ്ച് ഗോളും, ശ്രീലക്ഷ്മിയും അമയയും മൂന്ന് ഗോള്‍ വീതവും, അഭിരാമി, ഭാഗ്യ, തീര്‍ഥ, അനയ എന്നിവര്‍ രണ്ട് ഗോള്‍ വീതവും അടിച്ചതോടെ ഹിമാചലിനെ കേരളം ഹിമാലയം കടത്തി. 

അണ്ടര്‍ 21 ഫുട്‌ബോളില്‍ കേരളത്തിന്റെ ആണ്‍കുട്ടികള്‍ ചണ്ഡിഗഡിനോട്‌ ഒരു പോയിന്റ് നഷ്ടപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പെണ്‍പട തകര്‍ത്തു കളിച്ചത്. 62ാം മിനിറ്റില്‍ ചണ്ഡിഗഡ് ലീഡ് നേടി ഒന്‍പത് മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ഹബീബിലൂടെ വലകുലുക്കി കേരളം സമനില പിടിച്ചു. 

നേരത്തെ, ട്രിപ്പിള്‍ ജമ്പില്‍ സാന്ദ്ര ബാബുവിലൂടെ കേരളം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം നേടിയിരുന്നു. 13.3 മീറ്റര്‍ എന്ന കരിയറിലെ മികച്ച പ്രകടനത്തോടെയായിരുന്നു സാന്ദ്രയുടെ ചാട്ടം. ആണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ ഒരു വെള്ളിയും വെങ്കലവും കൂടി കേരളം നേടിയിരുന്നു.