നിറകണ്ണുകളോടെ വിരമിക്കൽ പ്രഖ്യാപിച്ച് ആൻഡി മുറെ; ടെന്നീസ് ലോകത്തിന് ഞെട്ടൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 03:10 PM  |  

Last Updated: 11th January 2019 03:10 PM  |   A+A-   |  

1547168661-Andy-Murray-960x540

 

മെല്‍ബണ്‍: വർത്തമാന ടെന്നീസിലെ ഏറ്റവും മികച്ച പുരുഷ താരങ്ങളിലൊരാളും മുൻ ലോക ഒന്നാം നമ്പർ താരവുമായ ബ്രിട്ടന്റെ ആൻഡി മുറെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നു. ഈ മാസം തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയൻ ഓപൺ തന്റെ കരിയറിലെ അവസാന പോരാട്ടമാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ് മുന്നോടിയായി വെള്ളിയാഴ്ച മെല്‍ബണില്‍ മാധ്യമങ്ങളെ കാണവെ നിറകണ്ണുകളോടെയാണ് മുറെ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

റോജർ ഫെഡററും റാഫേൽ ന​ദാലും നൊവാക് ദ്യോക്കോവിചും അടക്കിവാഴുന്ന പുരഷ ടെന്നീസിൽ അവർക്ക് വെല്ലുവിളിയായി ഏക്കാലത്തും നിറഞ്ഞുനിന്ന താരമാണ് ആൻഡി മുറെ. തുടര്‍ച്ചയായി വേട്ടയാടുന്ന പരുക്കാണ് ബ്രിട്ടീഷ് താരത്തെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. പരുക്കിനെ തുടർന്ന് ഏറെ നാളായി അന്താരാഷ്ട്ര ടെന്നീസിൽ നിറഞ്ഞുനിൽക്കാൻ മുറെയ്ക്ക് സാധിച്ചിരുന്നില്ല. പരുക്ക് കാരണം കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപണില്‍ നിന്ന് മുറെയ്ക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നു. ഇടുപ്പിലെ ശസ്ത്രക്രിയക്കു ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് താരം മടങ്ങിയെത്തിയത്. അതിന് ശേഷവും പരുക്ക് വിടാതെ പിന്തുടരുകയായിരുന്നു. 

വിംബിള്‍ഡണ്‍ വരെ തുടരണമെന്നുണ്ടായിരുന്നെങ്കിലും അതിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് വികാരാധീനനായി താരം മാധ്യമങ്ങളോട് പറഞ്ഞു. കരിയറിൽ മൂന്ന് ​ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് മുറെ സ്വന്തമാക്കിയത്. രണ്ട് വിംബിൾഡൺ കിരീടവും ഒരു യുഎസ് ഓപണും. അഞ്ച് തവണ ഓസ്ട്രേലിയൻ ഓപണിന്റെ ഫൈനലിലും ഒരു തവണ ഫ്രഞ്ച് ഓപൺ ഫൈനലിലും താരം എത്തി. തുടർച്ചയായി രണ്ട് തവണ ഒളിംപിക്സ് ടെന്നീസിൽ പുരുഷ സിം​ഗിൾസ് സ്വർണവും മുറെ സ്വന്തമാക്കിയിട്ടുണ്ട്. 

ഒരു ​ഗ്രാൻഡ് സ്ലാം ടെന്നീസ് കിരീടമെന്ന ബ്രിട്ടന്റെ 76 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട താരമാണ് മുറെ. 2012-ലായിരുന്നു താരത്തിന്റെ നേട്ടം. 1936-ല്‍ ഫ്രെ‍ഡ് പെറി യുഎസ് ഓപണ്‍ നേടിയ ശേഷം ഒരു ഇംഗ്ലീഷ് താരവും ഗ്ലാന്‍ഡ്സ്ലാം നേടിയിരുന്നില്ല. 2012ൽ യുഎസ് ഓപൺ നേടിയാണ് മുറെ ​ഗ്രാൻഡ് സ്ലാം വരൾച്ചയ്ക്ക് വിരാമമിട്ടത്. പിന്നീട് 2013ലും 2016ലും വിംബിൾഡൺ കിരീടങ്ങളും സ്വന്തമാക്കിയ മുറെ ലോക ടെന്നീസിന്റെ ഒന്നാം സ്ഥാനവും അലങ്കരിച്ചു. 

ടെന്നീസിൽ 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരമെന്ന നേട്ടം 2015 സ്വന്തമാക്കിയ മുറെ 1968 മുതലുള്ള ടെന്നീസിന്റെ ഓപൺ കാലത്തിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന 46മത്തെ താരമായും മാറി.