സിഡ്‌നി ഏകദിനം; ഓസീസ്‌ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു; കോഹ് ലിയുടെ സെലക്ഷന്‍ തലവേദന ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 12:21 PM  |  

Last Updated: 11th January 2019 12:21 PM  |   A+A-   |  

aus6e

ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന്റെ നാണക്കേട് മറന്ന് ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുകയണ് ഓസ്‌ട്രേലിയ. സിഡ്‌നിയിലെ ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയന്‍ പ്ലേയിങ് ഇലവനേയും ആതിഥേയര്‍ പ്രഖ്യാപിച്ചു. ഇന്ത്യയാവട്ടെ, ഹര്‍ദിക്കിന്റേയും, രാഹുലിന്റേയും കാര്യത്തിലെ ബിസിസിഐ തീരുമാനം വരുന്നതിനായി കാത്തു നില്‍ക്കുകയാണ്. 

പീറ്റര്‍ സിഡില്‍ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയെന്നതാണ് സിഡ്‌നിയിലെ പ്രത്യേകത. 2010ന് ശേഷം ആദ്യമായാണ് സിഡില്‍ ഓസ്‌ട്രേലിയയ്ക്കായി ഏകദിനം കളിക്കുന്നത്. ഇരുപത്തിരണ്ടുകാരനായ റിച്ചാര്‍ഡ്‌സന്‍ സിഡ്‌നിയില്‍ ഓസീസിന് വേണ്ടി അരങ്ങേറും. അഞ്ച് ട്വന്റി20 മത്സരങ്ങള്‍ മാത്രം ഓസീസിന് വേണ്ടി കളിച്ച പരിചയവുമായിട്ടാണ് റിച്ചോര്‍ഡ്‌സന്‍ വരുന്നത്. 

ആദം സാംപയ്ക്ക് പകരം നഥാന്‍ ലിയോണ്‍ തന്നെ പ്ലേയിങ് ഇലവനിലേക്കെത്തുന്നു. എഴാം സ്ഥാനത്ത് നിന്നും ബാറ്റിങ് ഓര്‍ഡറില്‍ അലക്‌സ് കേറേയ് ഓപ്പണിങ്ങിലേക്കെത്തും. ബിഗ് ബാഷ് ലീഗില്‍ ഓപ്പണിങ്ങില്‍ ഇറങ്ങി താരം മികവ് കാട്ടിയതോടെയാണ് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. മധ്യനിരയില്‍ ഖവാജയും, ഷോണ്‍ മാര്‍ഷും, ഹാന്‍ഡ്‌സകോമ്പും, ലോവര്‍ മിഡില്‍ ഓവറില്‍ സ്‌റ്റോയ്‌നിസും, മാക്‌സ്വെല്ലും ഇറങ്ങും. 

ഇന്ത്യയുടെ കാര്യത്തിലേക്കെത്തുമ്പോള്‍, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യയുടേയും കെ.എല്‍.രാഹുലിന്റേയും കാര്യത്തില്‍ തീരുമാനം വന്നതിന് ശേഷമെ ഇന്ത്യ പ്ലേയിങ് ഇലവനെ പ്രഖ്യാപിക്കുകയുള്ളു. ഓസിസിനെതിരായ ഏകദിന സംഘത്തില്‍ രാഹുലിനും, ഹര്‍ദിക്കിനും സസ്‌പെന്‍ഷന്‍ വന്നാല്‍ പിന്നെ പരിഗണിക്കാന്‍ കോഹ് ലിക്ക് മുന്നിലുള്ളത് 14 താരങ്ങളാവും. 

ധോനിക്കൊപ്പം കാര്‍ത്തിക്കിനേയും ഇറക്കാം. എന്നാല്‍ കേഥാര്‍ ജാദവിന് അവസരം നല്‍കിയാല്‍ കാര്‍ത്തിക് മാറി നില്‍ക്കണം. സ്പിന്നറുടെ കാര്യത്തിലാണ് ഇന്ത്യയ്ക്ക് മറ്റൊരു ആശയക്കുഴപ്പം. 2 സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരുമായിട്ടാകും കോഹ് ലി സിഡ്‌നിയില്‍ ഇറങ്ങുക. ഇതില്‍ ജഡേജയെ ഉള്‍പ്പെടുത്തണോ, അതോ ചഹലിനെ കളിപ്പിക്കണമോ എന്നതാണ് പ്രധാന വിഷയം. 

രണ്ട് റിസ്റ്റ് സ്പിന്നര്‍മാരുമായി ഇറങ്ങുമോ, അതോ ഒരു റിസ്റ്റ് സ്പിന്നറും, ഒരു ഫിംഗര്‍ സ്പിന്നറുമായി ഇന്ത്യ ഇറങ്ങുമോ എന്നുമാണ് അറിയേണ്ടത്. ഹര്‍ദിക്കിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഭുവിയും ഖലീല്‍ അഹ്മദും, ഷമിയും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും.