വത്തിക്കാനില്‍ നിന്നും ഒളിംപിക്‌സ് സംഘം, കന്യാസ്ത്രീകളും പുരോഹിതരും മത്സരാര്‍ഥികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 11:44 AM  |  

Last Updated: 11th January 2019 11:44 AM  |   A+A-   |  

vatican

വത്തിക്കാനിലെ കന്യാസ്ത്രീകളും, പുരോഹിതന്മാരുമെല്ലാം ഇനി ട്രാക്കിലും, ഫീല്‍ഡിലും കഴിവ് തെളിയിക്കുവാനിറങ്ങും. ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള വത്തിക്കാന്‍ അത്‌ലറ്റിക്‌സ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

ഇറ്റാലിയന്‍ ഒളിംപിക്‌സ് കമ്മിറ്റിയുമായി ധാരണയില്‍ എത്തിയതോടെയാണ് വത്തികാന്‍ അത്‌ലറ്റിക്‌സ് ടീമിന് ഔദ്യോഗിക അംഗീകാരമായത്. സംഘത്തില്‍ ഇപ്പോള്‍ 60 അംഗങ്ങളുണ്ട്. കന്യാസ്ത്രീകള്‍, പുരോഹിതര്‍, സ്വിസ് ഗാര്‍ഡുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 

ഒളിംപിക്‌സില്‍ പങ്കെടുക്കുകയണ് അവരുടെ ലക്ഷ്യം. എന്നാല്‍ അത്  ഉടനെ സാധ്യമല്ലെന്ന് അവര്‍ക്കറിയാം. മെഡിറ്ററേനിയന്‍ ഗെയിംസ് പോലുള്ളവയില്‍ പങ്കെടുത്തു തുടങ്ങുവാനാണ് അവരുടെ പദ്ധതി. നിലവില്‍ വത്തിക്കാന്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകളുണ്ട്. 

പത്തൊന്‍പതുകാരനായ സ്വിസ് ഗാര്‍ഡാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. അറുപത്തിരണ്ടുകാരനായ പ്രൊഫസറാണ് വത്തിക്കാന്‍ അത്‌ലറ്റിക്‌സ് ടീമിലെ പ്രായം കൂടി താരം. ഇസ്ലാം മതക്കാരായ രണ്ട് അഭയാര്‍ഥികളും സംഘത്തിന്റെ ഭാഗമാണ്.