ഹര്‍ദിക് പാണ്ഡ്യക്കും രാഹുലിനും സസ്‌പെന്‍ഷന്‍; ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2019 05:14 PM  |  

Last Updated: 11th January 2019 05:14 PM  |   A+A-   |  

hardik-pandya-kl-rahul

 

മുംബൈ: കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും സസ്‌പെന്‍ഷന്‍. വിഷയത്തില്‍ അന്വേഷണം തീരും വരെയാണ് ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 

നിലവില്‍ ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയയില്‍ ഉള്ള ഇരു താരങ്ങളും ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് വ്യക്തമാക്കി. നാളെ നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിനുള്ള അന്തിമ ഇലവനില്‍ ഇരുവരും ഉള്‍പ്പെടില്ല എന്നത് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. 

ഹര്‍ദിക്കിന്റേയും രാഹുലിന്റേയും പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ബിസിസിഐ ഇരുവരോടും വിശദീകരണം തേടിയിരുന്നു. മനഃപൂര്‍വം ആരേയും അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും, സംഭവിച്ചു പോയതില്‍ കുറ്റബോധമുണ്ടെന്നും, ഇനിയിത് ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി ഹര്‍ദിക് മാപ്പപേക്ഷ നല്‍കിയെങ്കിലും ബിസിസിഐ ഇത് തള്ളി. 

പാണ്ഡ്യയുടെ മാപ്പപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. പെണ്‍കുട്ടികളുമായി ഇടപെഴകുന്നതിനെ കുറിച്ചും, മാതാപിതാക്കളോട് തുറന്ന് സംസാരിക്കുന്നതിനെ കുറിച്ചുമെല്ലാമുള്ള ഇവരുടെ പ്രതികരണങ്ങളാണ് വിവാദമായത്. 

18ാം വയസില്‍ തന്റെ മുറിയില്‍ നിന്നും കോണ്ടം കണ്ടെത്തിയതിന് അമ്മ ശകാരിച്ചു. എന്നാല്‍ ഞാന്‍ സുരക്ഷിതനായിരിക്കും എന്ന ഉപദേശമാണ് അച്ഛന്‍ നല്‍കിയത് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. ക്ലബുകളില്‍ പാര്‍ട്ടികള്‍ക്കെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ  പേര് ചോദിക്കാത്തത് എന്തെന്നായിരുന്നു ഹര്‍ദിക്കിനോട് കരണ്‍ ജോഹര്‍ ചോദിച്ചത്. അവരുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിലാണ് തന്റെ ശ്രദ്ധ എന്നായിരുന്നു ഹര്‍ദിക്കിന്റെ മറുപടി.