ഇന്ത്യയെ കരകയറ്റാന്‍ തോണി തുഴഞ്ഞ് രോഹിത്തും ധോനിയും; രോഹിത് അര്‍ധശതകം പിന്നിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 02:05 PM  |  

Last Updated: 12th January 2019 02:05 PM  |   A+A-   |  

sydn

സിഡ്‌നിയില്‍ തുടക്കത്തിലെ നേരിട്ട തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ പതിയെ മുന്നോട്ടു കൊണ്ടുപോയി രോഹിത് ശര്‍മയും ധോനിയും. 25 ഓവറില്‍ ഇന്ത്യയുടെ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് കടന്നു. രോഹിത് ശര്‍മ അര്‍ധ സെഞ്ചുറിയും പിന്നിട്ടു.

62 പന്തില്‍ നിന്നും രണ്ട് ഫോറും മൂന്ന് സിക്‌സും പറത്തിയായിരുന്നു സമ്മര്‍ദ്ദത്തിനുള്ളില്‍ നിന്നുമുള്ള രോഹിത്തിന്റെ അര്‍ധ ശതകം. ഓസീസിനെതിരായ രോഹിത്തിന്റെ ആറാം അര്‍ധശതകവും, ഏകദിന കരിയറിലെ 38ാം അര്‍ധ ശതകവുമാണ് അത്. പതറി നില്‍ക്കുമ്പോഴും ഓസീസ് ബൗളര്‍മാരെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ അതിര്‍ത്തി കടത്തിയ രോഹിത്തും ധോനിയുമാണ് കളിയിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷ ഇന്ത്യന്‍ ആരാധകരില്‍ നിറച്ചത്. 

50 ഡെലിവറികള്‍ നേരിട്ടതിന് ശേഷമായിരുന്നു ധോനിയില്‍ നിന്നും ആദ്യ ഫോര്‍ പിറന്നത്. അതിന് മുന്‍പേ നഥാന്‍ ലിയോണിനെ ലോങ് ഓണിന് മുകളിലൂടെ ധോനി സിക്‌സിന് പറത്തിയിരുന്നു. ധോനിക്ക് പിന്നാലെ ലിയോണിനെ വീണ്ടും ബൗണ്ടറി ലൈന്‍ തൊടീക്കാതെ സിക്‌സ് പറത്തിയായിരുന്നു രോഹിത് 17ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50ലെത്തിച്ചത്. 

ബെഹ്‌റെന്‍ഡോര്‍ഫിനും, റിച്ചാര്‍ഡ്‌സനും ഒഴികെയുള്ള മറ്റ് ഓസീസ് ബൗളര്‍മാര്‍ക്ക് സ്‌ട്രൈക്ക് ചെയ്യുവാനുള്ള അവസരം ധോനിയും രോഹിത്തും നല്‍കിയില്ല. രോഹിത് ശര്‍മയെ നേരിട്ട ആദ്യ ബോളില്‍ തന്നെ പവലിയനിലേക്ക് മടക്കിയായിരുന്നു അരങ്ങേറ്റക്കാരന്‍ ബെഹ്‌റന്‍ഡോര്‍ഫിന്റെ തുടക്കം. പിന്നാലെ റിച്ചാര്‍ഡ്‌സന്‍ കോഹ് ലിയുടെ വിക്കറ്റും റായിഡുവിന്റെ വിക്കറ്റും വീഴ്ത്തി ഇന്ത്യയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു.