ഭുവിയുടെ നൂറ് വിക്കറ്റ് നേട്ടം പതിയെ; ഇതിലും പതിയെ പോയത് ഗാംഗുലിയും സച്ചിനും യുവിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 10:30 AM  |  

Last Updated: 12th January 2019 10:30 AM  |   A+A-   |  

bhuvi89

ഏകദിന ക്രിക്കറ്റിലെ തന്റെ നൂറാമത്തെ ഇരയായിരുന്നു ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറിന്. പക്ഷേ വലിയ തിളക്കത്തോടെയല്ല ഭുവി ആ നേട്ടത്തിലേക്ക് എത്തുന്നത്. വേഗക്കുറവ് തന്നെ പ്രശ്‌നം. പതിയ നൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യക്കാരില്‍ നാലാമതാണ് ഭുവി. 

തന്റെ 96ാമത്തെ ഏകദിനത്തിലാണ് ഭുവി 100 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയത്. ഭുവിയേക്കാള്‍ വേഗക്കുറവില്‍ ഏകദിനത്തില്‍ നൂറ് വിക്കറ്റ് നേട്ടം കൊയ്ത ഇന്ത്യക്കാരാവട്ടെ സച്ചിനും ഗാംഗുലിയും, യുവിയും രവി ശാസ്ത്രിയുമെല്ലാമാണ്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എടുത്ത് നൂറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം ഗാംഗുലിയാണ്. 308 ഏകദിനങ്ങളാണ് ഇതിന് ഗാംഗുലിക്ക് വേണ്ടിവന്നത്. 

സച്ചിന്‍ 268 മത്സരങ്ങളും, യുവി 266, രവി ശാസ്ത്രി 100 ഏകദിനവും എടുത്തു നൂറ് വിക്കറ്റ് വീഴ്ത്താന്‍. നൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 19ാമത്തെ ഇന്ത്യന്‍ ബൗളറാണ് ഭുവി. ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് കൊയ്ത ഇന്ത്യന്‍ താരം എന്ന നേട്ടം ഇര്‍ഫാന്‍ പഠാനാണ്. 59 മത്സരങ്ങളില്‍ നിന്നും പഠാന്‍ നൂറ് ഇരകളെ സ്വന്തമാക്കി. 44 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് ലോക ക്രിക്കറ്റില്‍ വേഗത്തില്‍ 100 വിക്കറ്റ് വീഴ്ത്തിയതിന്റെ റെക്കോര്‍ഡിന് ഉടമ.