സിഡ്‌നിയില്‍ മധ്യനിരയുടെ കരുത്തില്‍ ഓസീസ്; ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയ ലക്ഷ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 11:37 AM  |  

Last Updated: 12th January 2019 11:48 AM  |   A+A-   |  

shaunmarsh120119

 

സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക്‌ 289 റണ്‍സിന്റെ വിജയ ലക്ഷ്യം. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 288 റണ്‍സ് കണ്ടെത്തി. മധ്യനിരയിലെ ഖവാജയുടേയും, മാര്‍ഷിന്റേയും, ഹാന്‍ഡ്‌സ്‌കോമ്പിന്റേയും അര്‍ധ ശതകങ്ങളാണ് ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 

ബാറ്റിങ്ങിനെ തുണയ്ക്കുന്നതെന്ന് പറയപ്പെട്ട പിച്ചില്‍ മുന്നൂറിനപ്പുറം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിന്നും ഓസീസിനെ തടയുവാനായെങ്കിലും, മികച്ച കളി പുറത്തെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. എട്ട് റണ്‍സിലേക്ക് മാത്രം സ്‌കോര്‍ എത്തിയപ്പോള്‍ ഓസീസ് നായകനെ മടക്കിയതിന്റെ മുന്‍തൂക്കം പിന്നെ കളിയില്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഓസീസ് സ്‌കോറിങ്ങിന്റെ വേഗം കുറയ്ക്കാന്‍ ഇന്ത്യയ്ക്കായി. ഒരുവേള ബൗണ്ടറിക്കായി 43 ബോള്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടി വന്നു. 

61 ബോളില്‍ നിന്നും ആറ് ഫോറും രണ്ട് സിക്‌സും പറത്തി 73 റണ്‍സ് എടുത്ത ഹാന്‍ഡ്‌സ്‌കോമ്പാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ 81 പന്തില്‍ നിന്നും 59 റണ്‍സും, ഷോണ്‍ മാര്‍ഷ് 70 പന്തില്‍ നിന്ന് 54 റണ്‍സും നേടി. അവസാന ഓവറുകളില്‍ സ്റ്റൊയ്‌നിസ് റണ്‍സ് കണ്ടെത്തിയതോടെയാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തുവാനായത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഭുവിയും കുല്‍ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.