സിഡ്‌നി ഏകദിനം; ഫിഞ്ച് വന്നപാടെ മടങ്ങി, നൂറാം വിക്കറ്റ് വീഴ്ത്തി ഭുവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 08:20 AM  |  

Last Updated: 12th January 2019 08:35 AM  |   A+A-   |  

toss

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒന്നില്‍ പോലും കളിപ്പിക്കാതിരുന്നതിന് ആദ്യ  ഏകദിനത്തില്‍ തന്നെ മറുപടി നല്‍കി തുടങ്ങി ഭുവനേശ്വര്‍ കുമാര്‍. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ തുടക്കത്തില്‍ തന്നെ ഡ്രസിങ് റൂമിലേക്ക് തിരികെ അയച്ചാണ് ഭുവി ഇന്ത്യയ്ക്ക് സിഡ്‌നിയില്‍ മുന്‍ തൂക്കം നേടിത്തരുന്നത്.  

ടെസ്റ്റിലെ ഫോമില്ലായ്മ ഏകദിനത്തിലും ഫിഞ്ചിനെ വിട്ടൊഴിയുന്നില്ല. രണ്ടാം ഓവറിലെ രണ്ടാം ബോളില്‍ ഭൂവിയില്‍ നിന്നെത്തിയ ഗുഡ് ലെങ്ത് ഡെലിവറി ഫിഞ്ചിന്റെ സ്റ്റമ്പ് ഇളക്കി. ആറ് റണ്‍സ് എടുത്ത് നില്‍ക്കെ തന്നെ ഫിഞ്ചിന് മടങ്ങേണ്ടി വന്നു. ഇതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയില്‍ പരുങ്ങിയാണ് ഓസ്‌ട്രേലിയയുടെ തുടക്കം. 

ഏകദിനത്തിലെ തന്റെ നൂറാം വിക്കറ്റാണ് ഫിഞ്ചിനെ മടക്കി ഭുവി നേടിയത്. ആദ്യ നാല് ഓവറില്‍ ഖലീല്‍ അഹ്മദിനെ അടിച്ചു കളിച്ചാണ് ഓസീസ് താരങ്ങള്‍ റണ്‍സ് കണ്ടെത്തുന്നത്. സിഡ്‌നിയില്‍ ടോസ് നേടിയ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ്ങിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ അലക്‌സ് അവസരം മുതലെടുക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് സിഡ്‌നിയിലേത് എന്ന് വിലയിരുത്തപ്പെടുമ്പോഴും ഓസീസിന് എത്രമാത്രം പിടിച്ചുനില്‍ക്കാനാവുമെന്നാണ് കണ്ടറിയേണ്ടത്.