ഓസീസിനെ 'ചാര'മാക്കാന്‍ തയ്യാറെടുത്ത് കോഹ് ലിയും ടീം ഇന്ത്യയും  ;  ഒന്നാം ഏകദിനം ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 05:33 AM  |  

Last Updated: 12th January 2019 05:34 AM  |   A+A-   |  

 

സിഡ്‌നി    :  ഓസീസ് മണ്ണില്‍ ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പര വിജയത്തിന്റെ
ആത്മ വിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ഓസീസിനെതിരായ ആദ്യ ഏകദിനത്തിനിറങ്ങും. മൂന്ന് ഏകദിന മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. സിഡ്‌നിയിലെ സമയം രാവിലെ 7.50 (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.50) നാണ് കളി ആരംഭിക്കുക. ടെസ്റ്റ് പരമ്പരയിലെ പോലെ മിന്നുന്ന ജയം സ്വന്തമാക്കി ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങാനാണ് കോഹ്ലിയുടെയും ടീമിന്റെയും തീരുമാനം. ലോകകപ്പിന് മുമ്പ് വിദേശത്ത് ഇന്ത്യ കളിക്കുന്ന അവസാന ഏകദിന പരമ്പര കൂടിയാണ് ഇത്. 

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയും ലോകേഷ് യാദവുമില്ലാതെയാവും ഇന്ത്യ ഇറങ്ങുകയെന്ന് നേരത്തേ വ്യക്തമായിരുന്നു. രവീന്ദ്ര ജഡേജയാവും പാണ്ഡ്യയ്ക്ക്  പകരക്കാരനായി ഇറങ്ങുക. പതിവു പോലെ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ഓപ്പണര്‍മാരാകും.

മൂന്നാമനായി കളിക്കാനെത്തുന്ന കോഹ് ലിയും ആറാമനായെത്തുന്ന ധോണിയിലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള ധോണിയുടെ അവസാന സാധ്യത കൂടിയാണ് ഈ ഏകദിന പരമ്പരയെന്ന വിലയിരുത്തല്‍ ശക്തമാണ്. കണക്കുകള്‍ ധോണിക്ക് എതിരാണെങ്കിലും ഓസീസ് മണ്ണില്‍ ധോണി മാജിക് പിറക്കുമെന്നാണ് ആരാധാകര്‍ പറയുന്നത്.
 
  ഇതുവരെ 16 തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും സിഡ്‌നിയിലെ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 13 തവണയും ജയം ആതിഥേയരെ തുണച്ചു. രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. പക്ഷേ അവസാനം കളിച്ച 24 ഏകദിനങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ഓസ്‌ട്രേലിയ വിജയിച്ചിരുന്നുള്ളൂ. സിഡ്‌നിയിലും ഇന്ത്യന്‍ പുഞ്ചിരി വിടരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.