കാര്യവട്ടത്ത് നടക്കാതിരുന്നത് സിഡ്‌നിയില്‍; ഇന്ത്യക്കായി 10,000 റണ്‍സ് ക്ലബിലെത്തുന്ന അഞ്ചാമനായി ധോനി

സിഡ്‌നിയില്‍ ഇന്ത്യ തകര്‍ച്ച നേരിടവെ റിച്ചാര്‍ഡ്‌സനെതിരെ സിംഗിള്‍ നേടിയാണ് ധോനി ഇന്ത്യയ്ക്കായി പതിനായിരം റണ്‍സ് തികച്ചത്
കാര്യവട്ടത്ത് നടക്കാതിരുന്നത് സിഡ്‌നിയില്‍; ഇന്ത്യക്കായി 10,000 റണ്‍സ് ക്ലബിലെത്തുന്ന അഞ്ചാമനായി ധോനി

കാത്തിരിപ്പിനൊടുവില്‍ ഏകദിനത്തിലെ പതിനായിരം റണ്‍സ് ക്ലബിലെത്തി മഹേന്ദ്ര സിങ് ധോനി. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ധോനി. സച്ചിന്‍, ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ് ലി എന്നിവരാണ് ധോനിക്ക് മുന്‍പേ ഈ ക്ലബിലേക്കെത്തിയ ഇന്ത്യക്കാര്‍. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ കാര്യവട്ടത്ത് നടന്ന അവസാന ഏകദിനത്തില്‍ 10000 റണ്‍സ് ധോനി കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് എങ്കിലും ചെറിയ സ്‌കോറിന് വിന്‍ഡിസ് സംഘം പുറത്തായതോടെ ധോനിക്ക് വീണ്ടും കാത്തിരിക്കേണ്ടി വരികയായിരുന്നു. 2018ല്‍ ഇംഗ്ലണ്ടില്‍ വെച്ച് 10000 റണ്‍സ് ധോനി പിന്നിട്ടിരുന്നു. എന്നാലതില്‍ 174 റണ്‍സ് ഏഷ്യാ ഇലവന് വേണ്ടി നേടിയതായിരുന്നു. 

സിഡ്‌നിയില്‍ ഇന്ത്യ തകര്‍ച്ച നേരിടവെ റിച്ചാര്‍ഡ്‌സനെതിരെ സിംഗിള്‍ നേടിയാണ് ധോനി ഇന്ത്യയ്ക്കായി പതിനായിരം റണ്‍സ് തികച്ചത്. 49.75 ബാറ്റിങ് ശരാശരിയിലാണ് ഇത്. അതില്‍ 9 സെഞ്ചുറിയും 67 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കുന്ന ലോക ക്രിക്കറ്റിലെ 12ാമത്തെ താരവുമാണ് ധോനി. 

ഇന്ത്യക്കാരെ കൂടാതെ, ദില്‍ഷാന്‍, കുമാര്‍ സംഗക്കാര, സനത് ജയസൂര്യ, ജയവര്‍ധന, റിക്കി പോണ്ടിങ്, ജാക് കാലിസ്, ലാറ, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരാണ് ഏകദിനത്തില്‍ 10000 റണ്‍സ് കണ്ടെത്തിയത്. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലാണ്. 259ാമത്തെ ഇന്നിങ്‌സില്‍ 2001ലാണ് സച്ചിന്‍ ആ കടമ്പ പിന്നിട്ടത്. 263 ഇന്നിങ്‌സില്‍ നിന്ന് 2005ല്‍ ഗാംഗുലിയും ആ നേട്ടം സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com