മഹാരാജാസിന് തുടക്കം പിഴച്ചപ്പോള്‍ അവസരങ്ങള്‍ മുതലെടുത്ത് കേരള വര്‍മ്മ കോളെജ് പൊരുതി; ഒടുവില്‍ ആതിഥേയര്‍ക്ക് പരാജയം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2019 05:25 AM  |  

Last Updated: 12th January 2019 05:25 AM  |   A+A-   |  

goal_2

കൊച്ചി: ഇന്നലെ മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ശ്രീ കേരള വര്‍മ്മ(എസ്‌കെവി) കോളെജിന് ജയം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ഓള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ മഹാരാജാസ് കോളെജിനെയാണ് ടീം കേരള വര്‍മ്മ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2-1. 

ക്രിസ്റ്റി ഡേവീസ്, രോഹിത് കെഎസ് എന്നിവര്‍ എസ്‌കെവിക്കായി ഗോള്‍ നേടിയപ്പോള്‍ മഹാരാജാസിനായി നദീം പിഎ സ്‌കോര്‍ ചെയ്തു. ബ്രയോണ്‍ സേവ്യര്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് മഹാരാജാസിന് നല്‍കേണ്ടിവന്നത് ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന മോഹമായിരുന്നു. മത്സരത്തിലുടനീളം എസ്‌കെവി വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് മുന്നേറിയത്. ബോള്‍ പാസ് ചെയ്യുന്നതില്‍ കൃത്യത പുലര്‍ത്തിയ എസ്‌കെവി താരങ്ങള്‍ കളിയുടെ താളം കൈവിടാതെ മുന്നേറി. 

ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. 42-ാം മിനിറ്റില്‍ ക്രിസ്റ്റിയുടെ ബൂട്ടില്‍ നിന്ന് എസ്‌കെവി ആദ്യ ഗോള്‍ നേടി. പിന്നാലെ നാല് മിനിറ്റുകള്‍ക്കുള്ളില്‍ രോഹിതിലൂടെ വീണ്ടും ഗോള്‍ വല കുലുക്കി രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടി. സുവര്‍ണാവസരമെന്നോണം പെനാല്‍റ്റി ലഭിച്ച മഹാരാജാസിന് പക്ഷെ അത് വേണ്ട രീതിയില്‍ ഉപയോഗിക്കാനായില്ല. കഴിഞ്ഞ കളിയില്‍ പെനാല്‍റ്റി അവസരം കൃത്യമായി വലയിലെത്തിച്ച ബ്രയോണിന് പക്ഷെ ഇക്കുറി ലക്ഷ്യം കാണാനായില്ല. ബ്രയോണ്‍ തൊടുത്ത ഷോട്ട് എസ്‌കെവി ഗോളി മുഹമ്മദ് ഷുഹൈബ് തടഞ്ഞു. ഒടുവില്‍ നദീം നേടിക്കൊടുത്ത ഒരു ഗോളില്‍ മത്സരം 2-1 എന്ന നിലയിലെത്തി. ആതിഥേയരെ പരാജയപ്പെടുത്തി എസ്‌കെവി ക്വാര്‍ട്ടര്‍ ഫൈനലിലേക്കും.