ശതകവുമായി പൊരുതിയ രോഹിതിന്റെ ശ്രമം വിഫലം; സിഡ്നി ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം

ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏക​ദിനത്തിൽ ഇന്ത്യക്ക് തോൽവി. 34റൺസിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്
ശതകവുമായി പൊരുതിയ രോഹിതിന്റെ ശ്രമം വിഫലം; സിഡ്നി ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏക​ദിനത്തിൽ ഇന്ത്യക്ക് തോൽവി. 34റൺസിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. 289 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒൻപത് വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെന്ന മിതച്ച സ്കോറാണ് സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1-0ത്തിന് മുന്നിലെത്തി.

കരിയറിലെ 22ാം സെഞ്ച്വറിയുമായി രോഹിത് ശർമ പൊരുതിയെങ്കിലും മറ്റാർക്കും ഹിറ്റ്മാനെ പിന്തുണയ്ക്കാൻ കഴിഞ്ഞില്ല. താരം ക്രീസിലുള്ള സമയം മുഴുവൻ ഇന്ത്യക്ക് ജയ പ്രതീക്ഷയുണ്ടായിരുന്നു. പത്ത് ഫോറും ആറ് സിക്‌സും സഹിതം 129 പന്തുകള്‍ നേരിട്ട് 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. 23 പന്തിൽ 29 റൺസുമായി ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു. 

വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നാല് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മയും എംഎസ് ധോനിയും ചേര്‍ന്ന 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ധോനിയെ പുറത്താക്കി ബെഹ്‌റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. 96 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം ധോനി 51 റണ്‍സെടുത്തു. 

പിന്നാലെ എത്തിയ ആര്‍ക്കും രോഹിത്തിനെ പിന്തുണക്കാൻ സാധിക്കാതെ പോയി. ദിനേഷ് കാര്‍ത്തിക്ക് (12), ജഡേജ (8) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പിന്നീട് എല്ലാം ചടങ്ങ് മാത്രമായി. 

ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു. ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്‌റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ മൂന്ന് റണ്‍സെടുത്ത കോഹ്‌ലിയെ റിച്ചാഡ്‌സണും മടക്കി. അതേ ഓവറില്‍ തന്നെ റിച്ചാഡ്‌സണ്‍ അമ്പാട്ടി റായിഡുവിനെയും സംപൂജ്യനായി കൂടാരം കയറ്റി. ഓസ്ട്രേലിയക്കായി ജയെ റിച്ചാർഡ്സൻ നാലും ബെഹ്റൻഡോഫ്, സ്റ്റോയിനിസ് എന്നിവർ രണ്ടും പീറ്റർ സിഡിൽ ഒരു വിക്കറ്റും വീഴ്ത്തി. റിച്ചാർഡ്സനാണ് കളിയിലെ കേമൻ.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷമാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തത്. ഉസ്മാന്‍ ഖവാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറുകളും പറത്തിയ ഹാന്‍ഡ്‌സ്‌കോമ്പാണ് സ്‌കോറിങ് വേഗത്തിലാക്കിയത്. ഇന്നിങ്‌സിന്റെ അവസാനത്തില്‍ തകര്‍ത്തടിച്ച സ്റ്റോയിനിസ് സ്‌കോര്‍ 288ല്‍ എത്തിച്ചു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാർ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com