ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ഇത്ര ദാരിദ്ര്യമോ; മാൻ ഓഫ് ദി മാച്ചിന് സമ്മാനം 'ബാറ്റ് ​ഗ്രിപ്പും ഷൂ ലെയ്സും'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2019 11:05 AM  |  

Last Updated: 13th January 2019 11:05 AM  |   A+A-   |  

1547292383-Jhye-Richardson-AP

 

സിഡ്നി: ഇന്ത്യക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത് നാല് വിക്കറ്റുകൾ കൊയ്ത വലം കൈയൻ പേസർ ജൈ റിച്ചാർഡ്സന്റെ മികച്ച ബൗളിങായിരുന്നു. 26 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇന്ത്യയുടെ ലോകോത്തര ബാറ്റിങ് നിരയെ താരം അക്ഷരാർഥത്തിൽ വിറപ്പിച്ചുനിർത്തി. കളിയിൽ മാൻ ഓഫ് ദി മാച്ചും മറ്റാരുമായിരുന്നില്ല. 

മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട താരത്തിന് നൽകിയ പുരസ്കാരമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയം. മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റിച്ചാർഡ്സന് ലഭിച്ച സമ്മാനം ഒരു ബാറ്റ് ​ഗ്രിപ്പും ഷൂ ലേസുമായിരുന്നു. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ ആരാധകർ. ഇതിനെതിരെ രൂക്ഷമായാണ് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. 

ഓസ്ട്രേലിയൻ ക്രിക്കറ്റിന് സ്പോൺസർമാരില്ലാതെയായോ എന്നാണ് പലരുടേയും സംശയം. ഒരു അന്താരാഷ്ട്ര പോരാട്ടത്തിലെ ഏറ്റവും മോശം സമ്മാനമാണിതെന്നും ചിലർ. മാൻ ഓഫ് ദി മാച്ച് ലഭിച്ചതിന്റെ കാഷ് പ്രൈസ്, താരം ചാരിറ്റിക്ക് നൽകുകയായിരുന്നുവെന്നും അതിനാലാണ് ബാറ്റ് ഗ്രിപ്പും, ഷൂ ലേസും പുരസ്കാരമായി നൽകിയതെന്നുമാണ് സൂചന. ഒരു കുപ്പി ഷാംപെയ്നെങ്കിലും നൽകാമായിരുന്നു എന്ന് മറ്റൊരു ആരാധകൻ കുറിച്ചു.