ചില അത്ഭുതങ്ങള്‍ സംഭവിക്കണം, ഇന്ത്യ പുറത്ത് പോകണം എങ്കില്‍; അവ ഇവയാണ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2019 11:01 AM  |  

Last Updated: 13th January 2019 11:01 AM  |   A+A-   |  

jinghan

മുന്‍പെങ്ങും ഇല്ലാത്ത വിധം പ്രതീക്ഷയാണ് ഇത്തവണ എഎഫ്‌സി ഏഷ്യാ കപ്പ് നമുക്ക് നല്‍കുന്നത്. തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യന്‍ പട ആ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ അതിനിടെ യുഎഇയോടേറ്റ എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി ആശങ്ക തീര്‍ത്ത് മുന്നിലെത്തുകയും ചെയ്തു. 

യുഎഇയോട് പരാജയപ്പെട്ടുവെങ്കിലും നോക്കൗട്ട് ഘട്ടത്തിലേക്കെത്താനുള്ള സാധ്യതകള്‍ ഇപ്പോഴും ഇന്ത്യന്‍ സംഘത്തിന് മുന്‍പിലുണ്ട്. നാല് വട്ടം മാത്രം ഏഷ്യാ കപ്പില്‍ യോഗ്യത നേടിയിരിക്കുന്നവര്‍ക്ക്, ഒരു വട്ടം മാത്രം നോക്കൗട്ട് ഘട്ടം കടന്നിരിക്കുന്നവര്‍ക്ക് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ബാക്കി നില്‍ക്കുമ്പോഴും വലിയ സാധ്യതയാണ് മുന്നിലുള്ളത്. 

ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയില്ലെങ്കില്‍ പോലും, ഗ്രൂപ്പുകളില്‍ മൂന്നാമതെത്തുന്ന ആറ് ടീമുകള്‍ക്ക് നോക്കൗട്ട്‌ റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യതയും എഎഫ്‌സി ഏഷ്യാ കപ്പ് ഫോര്‍മാറ്റ് അനുവദിക്കുന്നുണ്ട്. തിങ്കളാഴ്ച യുഎഇയെ നേരിടുന്നതിന് മുന്‍പുള്ള ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ,

ഇന്ത്യന്‍ പ്രതീക്ഷ ഇങ്ങനെ

ഇന്ത്യ ബെഹ്‌റിനെ തോല്‍പ്പിച്ചാല്‍, യുഎഇ തായ്‌ലാന്‍ഡ് മത്സരഫലത്തിനായി ഇന്ത്യയ്ക്ക് കാത്തിരിക്കുക കൂടി വേണ്ട. രണ്ട് ജയങ്ങളില്‍ നിന്നും ആറ് പോയിന്റോടെ റൗണ്ട് 16ലേക്ക് ഇന്ത്യ കടക്കും. തായ്‌ലാന്‍ഡിനെതിരെ യുഎഇ ജയം നേടിയാല്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം യുഎഇ എടുക്കും. ജയത്തോടെ അവര്‍ക്ക് ഏഴ് പോയിന്റാവും.

സാധ്യത ഇവിടേയും മങ്ങുന്നില്ല

ബഹ്‌റെയ്‌നെതിരെ സമനില പിടിച്ചാലും, യുഎഇ-തായ്‌ലാന്‍ഡ് മത്സര ഫലത്തെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ഗ്രൂപ്പ ഘട്ടം കടക്കാം. ബഹ്‌റെയ്‌നെതിരെ ഇന്ത്യ സമനില പിടിച്ചാല്‍ നാല് പോയിന്റാവും നമുക്ക്. ഏഴ് പോയിന്റോടെ യുഎഇ ഒന്നാമത് എത്തിയാല്‍, സമനിലയോടെ രണ്ടാം സ്ഥാനം പിടിക്കാന്‍ ഇന്ത്യയ്ക്കാകും. 

എന്നാല്‍, യുഎഇയെ തായ്‌ലാന്‍ഡ് തളച്ചാല്‍ ഇന്ത്യയ്ക്കും തായ്‌ലാന്‍ഡിനും നാല് പോയിന്റ് വീതമാകും. എന്നിരുന്നാലും, ഹെഡ് ടു ഹെഡ് റിസല്‍ട്ട് പരിഗണിച്ച് ഇന്ത്യ തന്നെ അടുത്ത റൗണ്ടിലേക്ക് കടക്കും. യുഎഇയെ തായ്‌ലാന്‍ഡ് തോല്‍പ്പിച്ചാല്‍ തായ്‌ലാന്‍ഡ് ഗ്രൂപ്പ ചാമ്പ്യന്മാരാവുകയും, യുഎഇ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്യും. എന്നാല്‍, മൂന്നാം സ്ഥാനത്തുള്ള മികച്ച ടീം എന്ന നിലയില്‍ ഇന്ത്യയ്ക്ക് നോക്കൗട്ട് റൗണ്ടിലേക്ക് എത്താനാവും. 

ഗ്രൂപ്പ ബിയില്‍ നോക്കിയാല്‍, സിറിയ, പാലസ്തീന്‍ എന്നിവര്‍ക്ക് നാല് പോയിന്റ് നേടാം, ഇന്ത്യയെ പോലെ. എന്നാല്‍ ഗ്രൂപ്പ സിയില്‍ കിര്‍ഗിസ്താന്‍, ഫിലിപ്പൈന്‍സ് എന്നിവര്‍ക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. അവസാന മത്സരം ജയിച്ചാല്‍ പോലും ഇന്ത്യയ്ക്ക് ഒപ്പമെത്താന്‍ ഇവര്‍ക്കാകില്ല. ഗ്രൂപ്പ ഡിയില്‍ വിയറ്റ്‌നാമിന്റേയും, യെമന്റേയും അവസ്ഥ ഇത് തന്നെയാണ്.

പേടിക്കേണ്ടത് ഇവിടെ

ഇന്ത്യയെ ബഹ്‌റെയ്ന്‍ തോല്‍പ്പിച്ചാല്‍ മറ്റ് മത്സര ഫലങ്ങള്‍ക്ക് വേണ്ടി ഇന്ത്യ കാത്തിരിക്കേണ്ടി വരും. യുഎഇയോട് തായ്‌ലാന്‍ഡ് തോല്‍വി ഒഴിവാക്കിയാല്‍ ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാവുകയും പുറത്തേക്ക് പോവുകയും ചെയ്യും. യുഎഇ തായ്‌ലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനം ലഭിക്കും.