രാഹുലിനും പാണ്ഡ്യക്കും പകരക്കാര്‍ റെഡി; ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറും 19കാരന്‍ ശുഭ്മാന്‍ ഗില്ലും ടീമില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2019 08:55 AM  |  

Last Updated: 13th January 2019 08:55 AM  |   A+A-   |  

67508363

 

അഡ്‌ലെയ്ഡ്: സസ്‌പെന്‍ഷന്‍ നേരിടുന്ന ഹര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്ക് പകരം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിനേയും ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനേയും ഉള്‍പ്പെടുത്തി. 

ചാറ്റ് ഷോക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് പാണ്ഡ്യക്കും രാഹുലിനം സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. ഇരുവരും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഇരുവരേയും നാട്ടിലേക്ക് തിരികെ അയച്ചതോടെയാണ് വിജയ് ശങ്കറിനും ശുഭ്മാന്‍ ഗില്ലിനും അവസരം ലഭിച്ചത്. 

വിജയ് ശങ്കര്‍ അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ഏകദിന പോരാട്ടത്തിന് മുന്‍പ് ടീമിനൊപ്പം ചേരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും വിജയ് ഉള്‍പ്പെട്ടിട്ടുണ്ട്. ശുഭ്മാന്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പോരാട്ടത്തിനുള്ള ടീമിലും ഇടം കണ്ടെത്തിയിട്ടുണ്ട്. 19 കാരനായ ശുഭ്മാന്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടം ചൊവ്വാഴ്ച അഡ്‌ലെയ്ഡില്‍ അരങ്ങേറും.