ഈ മലയാളി താരം ഉണ്ടായിരുന്നെങ്കില്‍ യുഎഇക്കെതിരേയും നമ്മള്‍ ജയിച്ചു കയറിയേനെ; നീതികരിക്കാനാവാത്ത അവഗണന നേരിട്ട് ജോബി ജസ്റ്റിന്‍

ഛേത്രി ഒഴികെയുള്ള, ഏഷ്യാ കപ്പിന് ഇന്ത്യ പരിഗണിച്ച മുന്നേറ്റ നിരക്കാരുടെ പ്രകടനങ്ങള്‍ ഇങ്ങനെയാണ്...
ഈ മലയാളി താരം ഉണ്ടായിരുന്നെങ്കില്‍ യുഎഇക്കെതിരേയും നമ്മള്‍ ജയിച്ചു കയറിയേനെ; നീതികരിക്കാനാവാത്ത അവഗണന നേരിട്ട് ജോബി ജസ്റ്റിന്‍

മുന്‍പെങ്ങുമില്ലാത്ത വിധം തകര്‍ത്തു കളിക്കുന്നുണ്ട് ഇന്ത്യ ഏഷ്യാ കപ്പില്‍. എന്നാല്‍ യുഎഇക്കെതിരെ നേരിട്ട എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വി, സുനില്‍ ഛേത്രിയില്‍ ഇന്ത്യ അധികമായി ആശ്രയിക്കുന്നതിന്റെ പോരായ്മ കൂടി വ്യക്തമാക്കി. ഈ  സമയത്താണ് ദേശീയ തലത്തിലെ ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ എന്ന ഉറപ്പിച്ചു പറയാന്‍ സാധിക്കുന്ന ജോബി ജസ്റ്റിനിലേക്ക് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ എത്തേണ്ടത്. 

ഐലീഗില്‍ പുതിയ കോച്ച് മെനെന്‍ഡെസിന് കീഴില്‍ കളിച്ച പത്ത് മത്സരങ്ങളില്‍ ഏഴ് വട്ടം ഈ ഈസ്റ്റ് ബംഗാള്‍ മുന്നേറ്റ നിരക്കാരന്‍ ജോബി വലകുലുക്കി. ഗോള്‍ വല ചലിപ്പിക്കാന്‍ മൂന്ന് വട്ടം കിട്ടിയ സുവര്‍ണാവസരം മുതലാക്കാന്‍ ഇന്ത്യന്‍ മുന്നേറ്റനിരയ്ക്ക് യുഎഇക്കെതിരെ കഴിഞ്ഞില്ല. ഏഷ്യാ കപ്പിനായി പുറപ്പെടുന്നതിന് മുന്‍പ് തന്നെ ജോബിയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ചോദ്യം ഉയര്‍ന്നിരുന്നു. 

എന്നാല്‍, ടീമില്‍ ഉള്‍പ്പെടാത്ത ഒരു താരത്തെ കുറിച്ച് സംസാരിച്ച് സമയം കളയാന്‍ താന്‍ ഇല്ലെന്നായിരുന്നു കോച്ച് കോണ്‍സ്റ്റന്റ്‌റൈനിന്റെ വാക്കുകള്‍. ഫിഫ അണ്ടര്‍ 17 ലോക കപ്പിലൂടെ ലഭിച്ച മുന്‍തൂക്കവും, ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി നടത്തിയ ഏതാനും മികച്ച കളിയും വിലയിരുത്തി ഏഷ്യാ കപ്പിനുള്ള 34 അംഗ സംഘത്തില്‍ കോമല്‍ തട്ടാലിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ അവസാന സംഘത്തിലേക്ക് യോഗ്യത നേടാന്‍ കോമല്‍ തട്ടാലിനും സാധിച്ചില്ല. പക്ഷേ, ഇന്ത്യ ലീഗുകളോടുള്ള കോണ്‍സ്റ്റാന്റിനിന്റെ താത്പര്യമില്ലായ്മയാണ് ജോബിയെ തഴയുന്നതിലേക്ക് നീളുന്നതെന്നാണ് വിമര്‍ശനം. ഐഎസ്എല്‍ കളിക്കുന്ന താരങ്ങളോടുള്ള താത്പര്യവും വ്യക്തം. ഛേത്രി ഒഴികെയുള്ള, ഏഷ്യാ കപ്പിന് ഇന്ത്യ പരിഗണിച്ച മുന്നേറ്റ നിരക്കാരുടെ പ്രകടനങ്ങള്‍ ഇങ്ങനെയാണ്...

ജെജെ- പതിനൊന്ന് കളിയിലും ഗോള്‍ വല കുലുക്കിയില്ല
ബല്‍വന്ത് സിങ്- 12 കളി, ഒരു ഗോള്‍
മണ്‍വീര്‍ സിങ്- 10 കളി, ഒരു ഗോള്‍
ബല്‍വന്ത് സിങ്- 12 കളി, ഒരു ഗോള്‍
മണ്‍വിര്‍ സിങ്-10 കളി ഒരു ഗോള്‍
സുമീത് പസി- 9 കളി, രണ്ട് ഗോള്‍
ഫറൂഖ് ചൗധരി- ഏഴ് കളി, രണ്ട് ഗോള്‍

ഇവരെല്ലാം ചേര്‍ന്ന് സ്‌കോര്‍ ചെയ്തിരിക്കുന്നത് ഈ സീസണില്‍ ജോബി ഒറ്റയ്ക്ക് സ്‌കോര്‍ ചെയ്തു. ബംഗളൂരുവിന് വേണ്ടി ഛേത്രി ഈ സീസണില്‍ സ്‌കോര്‍ ചെയ്തതും അഞ്ച് വട്ടമാണെന്ന് ഓര്‍ക്കണം. ദേശീയ ടീമില്‍ നിന്നും ജോബിയെ തഴഞ്ഞതിന്റെ ഗുണം ആദ്യ ഐലീഗ് കിരീടം ലക്ഷ്യം വയ്ക്കുന്ന ഈസ്റ്റ് ബംഗാളിനാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com