'ഇതാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്'; പതിനൊന്ന് തകര്‍പ്പന്‍ സേവുകള്‍, കോട്ട കെട്ടി ഡെവിഡ് ഡി ഗിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 10:08 AM  |  

Last Updated: 14th January 2019 10:13 AM  |   A+A-   |  

gea

പതിനോട്ട് ഷോട്ടുകളായിരുന്നു ടോട്ടന്‍ഹാം മുന്നേറ്റനിര ഓണ്‍ ടാര്‍ഗറ്റിലേക്ക്  രണ്ടാം പകുതിയില്‍ അടിച്ചുകൂട്ടിയത്. പക്ഷേ ഒന്നുപോലും വല ചലിപ്പിച്ചില്ല. കാരണമെന്താണ്? കോട്ടകാക്കാന്‍ മല പോലെ ഉറച്ച് നില്‍ക്കുന്ന ഡേവിഡ് ഡി ഗിയയെ എല്ലാ അര്‍ഥത്തിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരികെ കിട്ടിയ ദിവസം കൂടിയായിരുന്നു അത്. 

ഇതാണ് യഥാര്‍ഥ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്...ടോട്ടന്‍ഹാമിനെതിരായ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്തതിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഒന്നാം നമ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഡി ഗിയയുടെ തകര്‍പ്പന്‍ സേവുകളോടെ ടോട്ടന്‍ഹാമിനെ യുനൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. വല കലുക്കുവാനുള്ള ഡെലെ അല്ലി, ഹാരി കെയ്ന്‍, ടോബി അല്‍ഡര്‍വിയേര്‍ഡ് എന്നിവരുടെ ശ്രമങ്ങളാണ് സ്പാനിഷ് ഗോള്‍കീപ്പര്‍ നിഷ്പ്രഭമാക്കിയത്. 

കെയ്‌നിന്റെ ക്ലോസ് റേഞ്ച ഹെഡറും, അല്ലിയുടെ വണ്‍ ഓണ്‍ വണ്‍ കളിച്ചുള്ള കയറ്റവും, ടോബിയുടെ കോര്‍ണറില്‍ നിന്നുമുള്ള ഫഌക്കുമെല്ലാം ഡേവിഡ് ഡി ഗിയ തട്ടിയകറ്റി. അതോടെ, 2012ന് ശേഷം ഓള്‍ഡ് ട്രഫോര്‍ഡിന് പുറത്ത് ആദ്യമായി ടോട്ടന്‍ഹാമിനെ തോല്‍പ്പിക്കാനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് തന്നെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എന്നാല്‍ 41 പോയിന്റോടെ ആഴ്‌സണലിന് ഒപ്പമെത്താന്‍ അവര്‍ക്കായി. 48 പോയിന്റോടെ ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്തും. 

ടോട്ടന്‍ഹാം മാനേജര്‍ മൗറിഷ്യോ ഓള്‍ഡ് ട്രഫോഡിലേക്ക് മേയ്ക്കാന്‍ എത്തുമെന്നാണ് സൂചനകള്‍ എങ്കിലും,  തങ്ങളുടെ മുന്‍ ചാമ്പ്യന്‍സ് ലീഗ് ഹീറോ ഒലെയെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ പരിശീലകന് കീഴില്‍ ഇത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തുടര്‍ച്ചയായ ആറാം പ്രീമിയര്‍ ലീഗ് ജയമാണ്.