ഏഴ് ഡക്ക്, ടോപ് സ്‌കോര്‍ നാല് റണ്‍സ്, 14 റണ്‍സിന് ഓള്‍ ഔട്ട്; യുഎഇക്ക് മുന്നില്‍ ചാരമായി ചൈന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 02:57 PM  |  

Last Updated: 14th January 2019 03:11 PM  |   A+A-   |  

14_runs

കൂറ്റനടികളുടേയും റണ്‍സ് ഒഴുക്കിന്റേയും ഇടമാണ് ട്വന്റി20. പക്ഷേ ഇവിടെ ഒരു ടീം 14 റണ്‍സിന് ഓള്‍ ഔട്ടായി. ചൈനീസ് വനിതാ ടീമാണ് ഏറ്റവും കുറഞ്ഞ സ്‌കോറില്‍ ഒരു ട്വന്റി20 മത്സരത്തില്‍ ഓള്‍ ഔട്ടായി നാണക്കേടിന്റെ റെക്കോര്‍ഡ് തീര്‍ത്തത്. 

ക്രിക്കറ്റിന് പ്രചാരം വര്‍ധിപ്പിക്കാന്‍ ഐസിസി ലക്ഷ്യം വയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. പക്ഷേ ഇപ്പോള്‍ വരുന്ന വാര്‍ത്ത, ബാറ്റും ബോളും കയ്യിലെടുക്കാന്‍ ചൈനീസ് ജനതയെ പ്രചോദിപ്പിക്കില്ലെന്ന് വ്യക്തമാണ്. പുരുഷ, വനിതാ ട്വന്റി20 ടീമുകളില്‍ 14 റണ്‍സിന് ഓള്‍ ഔട്ടാകുന്ന ആദ്യ ടീമാണ് ചൈന. 

തായ്‌ലാന്‍ഡ് ട്വന്റി20 സ്മാഷ് ടൂര്‍ണമെന്റിലാണ് സംഭവം. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്കായിരുന്നു യുഎഇ എത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചൈനയുടെ ടോപ് സ്‌കോററുടെ റണ്‍സ് നാലാണ്.  യുഎഇക്ക് 189 റണ്‍സിന്റെ ജയം. ഏഴ് ചൈനീസ് താരങ്ങളാണ് ഡക്കായത്. യുഎഇയേയും ചൈനയേയും കൂടാതെ, മലേഷ്യ, ഇന്തോനേഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയമായും സാമ്പത്തികമായും ഈ ഏഷ്യന്‍ രാജ്യങ്ങളേക്കാല്‍ മുന്നില്‍ നില്‍ക്കുന്ന ചൈന പക്ഷേ ക്രിക്കറ്റ് മൈതാനത്ത് പൂര്‍ണ തോല്‍വിയായി. 

ചൈനയില്‍ ക്രിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുക എന്നത് ഐസിസിയുടെ പ്രധാന ലക്ഷ്യമാണ്. ചൈനയിലെ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിലാണ് ഐസിസിയുടെ കണ്ണ്. ഇത് ആദ്യമായിട്ടല്ല ക്രിക്കറ്റ് മൈതാനത്ത് ചൈന നാണക്കേടില്‍ മുങ്ങുന്നത്. 2018 ഒക്ടോബറില്‍ ലോക ട്വന്റി20 ക്വാളിഫൈയറില്‍ 26 റണ്‍സിനും ചൈനീസ് പുരുഷ ടീം ഓള്‍ ഔട്ടായിരുന്നു. ക്രിക്കറ്റില്‍ പുതുമുഖമാണ് ചൈന. അവരുടെ ആദ്യ രാജ്യാന്തര ടീം രൂപപ്പെട്ടത് തന്നെ 2010ലാണ്. വനിതാ ട്വന്റി20 കളിക്കുന്ന 47 രാജ്യങ്ങളില്‍ 25ാം റാങ്കുകാരാണ് ചൈന.