ലാലീഗയില്‍ 400 അടിച്ച മെസി; പുതിയ റെക്കോര്‍ഡിലെ കണക്കുകള്‍ ഇങ്ങനെയാണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 12:12 PM  |  

Last Updated: 14th January 2019 12:12 PM  |   A+A-   |  

messi12

ബാഴ്‌സ തട്ടകത്തില്‍ ഈബറിനെതിരെ വല കുലുക്കിയതോടെ മറ്റൊരു നേട്ടം കൂടി ഫുട്‌ബോള്‍ മിശിഹയുടെ റെക്കോര്‍ഡ് ബുക്കിലേക്കെത്തി. മറ്റാര്‍ക്കും ഇതുവരെ എത്തിപ്പിടിക്കാന്‍ സാധിക്കാത്ത 400 ലാലീഗ ഗോളുകള്‍ എന്ന നേട്ടം. 2004-05 സീസണില്‍ ബാഴ്‌സയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞതിന് ശേഷം മൈതാനത്ത് മെസിയുടെ വീര്യം കൂടിക്കൊണ്ട് മാത്രമിരുന്നതാണ് നമ്മള്‍ കണ്ടത്. 

400 എന്ന മാന്ത്രിക സംഖ്യ തൊട്ടുകൊണ്ട് മെസി തന്റെ പേരിലാക്കി തീര്‍ത്ത റെക്കോര്‍ഡുകള്‍ നോക്കാം,

  • യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളിലൊന്നില്‍ 400 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മെസി. 409 ഗോളുമായി റൊണാള്‍ഡോയാണ് ഒന്നാമത്.
  • യൂറോപ്പിലെ ടോപ് ഫൈവ് ലീഗിലെ ഒന്നില്‍, ഒരു ടീമിന് വേണ്ടി മാത്രം കളിച്ച് 400 ഗോളുകള്‍ അടിക്കുന്ന ആദ്യ താരവുമാണ് മെസി
  • 435 മത്സരങ്ങളാണ് 400 ഗോളടിക്കാന്‍ മെസിയെടുത്തത്. എന്നാല്‍ റൊണാള്‍ഡോയ്ക്ക് 400 വട്ടം വല ചലിപ്പിക്കാന്‍ മെസിയേക്കാള്‍ 63 മത്സരങ്ങള്‍ അധികം വേണ്ടി വന്നു. 
  • ലാ ലിഗ ചരിത്രത്തില്‍ 29 ക്ലബുകള്‍ നേടിയതിനേക്കാള്‍ കൂടുതല്‍ ഗോളുകള്‍ മെസി ഒറ്റയ്ക്ക് നേടി. 
  • മെസിയുടെ മിനിറ്റ്‌സ് പെര്‍ ഗോള്‍ അനുപാതം 83 ആണ്. 2012-13 സീസണിലെ തന്റെ തന്നെ പേഴ്‌സണല്‍ ബെസ്റ്റായ 56.98 മെസി ഇവിടെ മറികടന്നു. അന്ന് 32 മത്സരങ്ങളില്‍ നിന്നും 46 ഗോളാണ് മെസി അടിച്ചുകയറ്റിയത്. 
  • 2011-12 സീസണായിരുന്നു ഗോളിന്റെ കാര്യത്തില്‍ മെസിയുടെ ഏറ്റവും മികച്ചത്. 50 ഗോളാണ് ആ സീസണില്‍ മെസി വലക്കകത്താക്കിയത്. 
  • 31 ഹാട്രിക്കുകളാണ് മെസിയുടെ പേരിലുള്ളത്. മൂന്ന് വട്ടം വല കുലുക്കിയത് 27 തവണയും, നാല് വട്ടം വലകുലുക്കിയത് നാല് തവണയും. ലാലിഗ ചരിത്രത്തിലെ രണ്ടാമത്തെ ബെസ്റ്റാണ് ഇത്. 34 ഹാട്രിക്കുമായി റൊണാള്‍ഡോയാണ് ഒന്നാമത്. 
  • ലാലിഗയില്‍ സെവിയ്യയാണ് മെസിയുടെ പ്രിയപ്പെട്ട എതിരാളികള്‍. 24 മത്സരങ്ങളില്‍ നിന്നും 25 വട്ടമാണ് സെവിയയ്‌ക്കെതിരെ മെസി വല കുലുക്കിയത്. അത്രയും മത്സരങ്ങളില്‍ നിന്നും റയലിനെതിരെ വല കുലുക്കിയത് 18 വട്ടവും. 
  • മെസിയുടെ 400 ഗോളില്‍, ആ ഗോളുകളിലേക്ക് ഏറ്റവും കൂടുതല്‍ വട്ടം മെസിയെ എത്തിച്ചത് സുവാരസാണ്. 29 അസിസ്റ്റുകളാണ് സുവാരസ് മെസിക്കായി നല്‍കിയത്. 
  • നിര്‍ണായക സമയങ്ങളില്‍ ടീമിന് തുണയാവുന്ന ഗോളുകളായിരുന്നു ഈ 400ല്‍ പലതും. 400ല്‍ 105 ഗോളും പിറന്നത് കളിയുടെ അവസാന 14 മിനിറ്റുകളിലാണ്.