നിങ്ങള്‍ മായങ്കിനേയും ഗില്ലിനേയും ഷായേയും വിഹാരിയേയും നോക്കു, പേടിയെന്നത് അവരിലില്ല; എന്തൊരു തലമുറയാണിതെന്ന് ചീഫ് സെലക്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 11:34 AM  |  

Last Updated: 14th January 2019 11:34 AM  |   A+A-   |  

shubman1

രാജ്യാന്തര ക്രിക്കറ്റിനായി യുവതാരം ശുഭ്മാന്‍ ഗില്‍ ഒരുങ്ങി കഴിഞ്ഞതായി സെലക്ഷന്‍ കമ്മിറ്റി തലവന്‍ എംഎസ്‌കെ പ്രസാദ്. രാഹുല്‍ ദ്രാവിഡുമായി ഗില്ലിന്റെ കാര്യം സംസാരിച്ചു. ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള വിദേശ പര്യടനങ്ങളാണ് ഈ യുവതാരങ്ങളെയെല്ലാം വലിയ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിലും, മധ്യനിരയില്‍ ബാറ്റേന്തുന്നതിനും അനുയോജ്യമാണ് ഗില്ലിന്റെ ശൈലി. രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും ഒപ്പം ന്യൂസിലാന്‍ഡ് പര്യടനത്തില്‍ റിസര്‍വ് ഓപ്പണറായിട്ടാണ് ഗില്ലിനെ ഞങ്ങള്‍ പരിഗണിക്കുന്നത്. ലോക കപ്പ് സംഘത്തിലേക്ക് ഗില്‍ ഉള്‍പ്പെടുമോ എന്ന് എനിക്ക് പറയാനാവില്ല. പക്ഷേ, ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഓപ്പണര്‍ റോളില്‍ ഒരു പ്രതിഭാസം തന്നെയായിരുന്നു ഗില്ലെന്ന് എംഎസ്‌കെ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. 

ഹനുമാന്‍ വിഹാരി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ഖലീല്‍ അഹ്മദ് എന്നിങ്ങനെ യുവതാരങ്ങള്‍ രാജ്യാന്തര തലത്തില്‍ മികവ് കാണിക്കുകയാണ്. ഇവരുടെ കളി രാഹുല്‍ ദ്രാവിഡുമായും രവി ശാസ്ത്രിയുമായും ചര്‍ച്ച ചെയ്യാറുണ്ട്. രഞ്ജി ട്രോഫിയില്‍ നിന്നും ഇന്ത്യ എയിലേക്കും സീനിയര്‍ ടീമിലേക്കും എങ്ങിനെയാണ് ഞങ്ങള്‍ അവരെ നയിക്കുന്നത് എന്ന് നിങ്ങള്‍ നോക്കണം. ഹനുമാ വിഹാരിയേയും, അഗര്‍വാളിനേയും കണ്ടില്ലേ? അടിത്തട്ടിലേക്ക് എടുത്തെറിയപ്പെട്ടാലും പേടി എന്നത് അവരില്‍ കാണുന്നില്ലെന്നും എംഎസ്‌കെ പ്രസാദ് പറയുന്നു.