ഹര്‍ദിക്കിനും രാഹുലിനും ഇല്ലാത്ത ഇളവ് ഹര്‍മന്‍പ്രീതിന് എങ്ങനെ? അന്വേഷണം നേരിടുമ്പോഴും ഹര്‍മന്‍ ടീം ക്യാപ്റ്റന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2019 11:07 AM  |  

Last Updated: 14th January 2019 11:11 AM  |   A+A-   |  

hardik2

കെ.എല്‍.രാഹുലിനേയും ഹര്‍ദിക് പാണ്ഡ്യയേയും ചുറ്റി കറങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന വിഷയം മുന്നിലെത്തിയപ്പോള്‍ സിഒഎയിലും പ്രശ്‌നം ഉടലെടുത്തു. അതിനിടെ, ഈ രണ്ട് താരങ്ങളേയും ലോക കപ്പ് കളിക്കാന്‍ അനുവദിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്‌.

ഹര്‍ദിക്കിനേയും, രാഹുലിനേയും ടീമില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍, വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം നേരിടുന്ന ഹര്‍മന്‍പ്രീത് കൗറിന് നേര്‍ക്ക് നടപടി എടുക്കാത്തത് എന്തെന്നുള്ള ചോദ്യമാണ് മറ്റ് ചിലര്‍ ഉന്നയിക്കുന്നത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ജോലിക്കായി ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ് ഹര്‍മന്‍.

പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഡിഎസ്പി റാങ്കിലേക്കുള്ള ജോലിക്കായി ഹര്‍മന്‍പ്രീത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ആരോപണം. ഇതില്‍ ഹര്‍മന്‍ നിയമനടപടി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുവാന്‍ ഹര്‍മന്‍പ്രീതിന് എങ്ങിനെ സാധിച്ചുവെന്നാണ് ബിസിസിഐയിലെ തന്നെ ഉന്നതവൃത്തങ്ങളില്‍ നിന്നുമുയരുന്ന ചോദ്യം. 

മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അടിപിടിയില്‍ നിയമനടപടി നേരിട്ട ബെന്‍ സ്റ്റോക്കിന്റെ വിഷയം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കൈകാര്യം ചെയ്ത  വിധവും ബിസിസിഐയ്ക്ക് മുന്നിലുണ്ട്. ആഷസിന് മുന്‍പ് ബെന്‍ സ്റ്റോക്കിനെ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തി. എന്നാല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റോക്ക് കളിച്ചു. കോടതി നടപടികള്‍ മുന്നോട്ടു പോകുമ്പോള്‍ തന്നെയായിരുന്നു അത്.

വലിയ വിവാദമായിരുന്നില്ല അതെങ്കില്‍ പോലും സ്‌റ്റോക്കിന് ശിക്ഷ ഉറപ്പാക്കുകയും, ടീമില്‍ സ്റ്റോക്കിനെ തിരികെ എത്തിക്കുവാനുള്ള പ്ലാനുകള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ പാണ്ഡ്യയ്ക്കും രാഹുലിനും എന്നാണ് തങ്ങള്‍ക്കെതിരായ അന്വേഷണം തുടങ്ങുന്നത് എന്ന് പോലും വ്യക്തമല്ല.